pinarayi-vijayan

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ദുർനയങ്ങൾക്കെതിരെ ഇടതുമുന്നണിയും സംസ്ഥാനസർക്കാരും ചേർന്ന് ഫെബ്രുവരി 8ന് ഡൽഹി ജന്തർമന്തറിൽ നടത്തുന്നത് ശക്തമായ സമരം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിനെ സമ്മേളനമാക്കി ലളിതവത്കരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അതിനെ ചെറുക്കും. സമരമാകുമ്പോൾ ഉദ്ഘാടകൻ, പ്രാസംഗികർ എന്നിവർ വേണം. അതിനായി ചില ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരേയും ചില പാർട്ടി നേതാക്കളേയും വിളിച്ചു. എ.ഐ.സി.സി അദ്ധ്യക്ഷൻ ഖാർഗെയേയും വിളിച്ചു. എന്നാൽ അദ്ദേഹം പങ്കെടുക്കുമെന്ന് ഉറപ്പില്ല.

സംസ്ഥാനത്തെ എല്ലാനിയമസഭാംഗങ്ങളേയും ജനപ്രതിനിധികളേയും സംഘടനാപ്രവർത്തകരേയും ഉൾപ്പെടുത്തി കൂട്ടായ സമരമാക്കി നടത്താനാണ് തീരുമാനിച്ചത്. പ്രതിപക്ഷം മാറിനിന്നതോടെ അതിനാകാതെ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു വർഷത്തെ ആസൂത്രണത്തോടെയാണ് സംസ്ഥാനം ഫിസ്‌കൽ പോളിസി ഉണ്ടാക്കുന്നത്. കേന്ദ്ര സർക്കാർ സമ്മർദ്ദത്താൽ അത് പെട്ടെന്ന് വെട്ടിക്കുറച്ചാൽ സംസ്ഥാനത്ത് ധനഞെരുക്കമുണ്ടാക്കും. കേരളത്തിൽ സംഭവിച്ചത് ഇതാണ്. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഭവങ്ങളുടെ അനുപാതം കുറച്ചതും ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തിയതും തിരിച്ചടിയായി. നഗര തദ്ദേശ സ്വയംഭരണ ഗ്രാന്റിനത്തിൽ 51.55 കോടിയും ഹെൽത്ത് ഗ്രാന്റിനത്തിൽ 137.17 കോടിയും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 660.34 കോടി പെർഫോമൻസ് ഗ്രാന്റും തദ്ദേശ സ്ഥാപങ്ങൾക്കുള്ള പെർഫോമൻസ് ഗ്രാന്റായ 660.34 കോടിയും സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടിയിലെ കേന്ദ്ര വിഹിതം 54 കോടിയും കോളേജ് അദ്ധ്യാപകർക്ക് യു.ജി.സി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതിന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 750 കോടിയുടെ ഗ്രാന്റും നെല്ല് സംഭരണത്തിനുള്ള 792 കോടിയും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയതിന്റെ ഭാഗമായി ലഭിക്കാനുള്ള 61 കോടി രൂപയും കിട്ടാനുണ്ട്.

സ്വതന്ത്രസ്ഥാപനങ്ങളുടെ വായ്പയെ സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചു. ഇതുമൂലം വായ്പാ പരിധിയിൽ 6,000 കോടിയോളം രൂപയുടെ കുറവുണ്ടായി. ദേശീയപാത 66ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 25 ശതമാനം തുകയാണ് കേരളത്തോട് ആവശ്യപ്പെട്ടത്. ഇതിനായി കിഫ്ബിയിലൂടെ 5,854 കോടി രൂപ സമാഹരിച്ചു. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് കുറയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ജനുവരി 22 വരെ 3,71,934 വീടുകൾ നിർമ്മിച്ചതിൽ 1,13,010 വീടുകൾക്ക് (30.38%) മാത്രമാണ് നാമമാത്രമായ കേന്ദ്രസഹായം ലഭിച്ചത്. ഈ വീടുകളിൽ കേന്ദ്ര പദ്ധതിയുടെ പേരു പ്രദർശിപ്പിച്ചില്ലെങ്കിൽ കേന്ദ്രത്തിന്റെ ചെറിയ വിഹിതം പോലും അനുവദിക്കുകയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം നിലപാടെടുത്തിരിക്കുകയാണ്. ഇതു വീട്ടുടമയുടെ ആത്മാഭിമാനത്തെ ആക്രമിക്കുന്നതാണ്. അതിന് സംസ്ഥാന സർക്കാർ തയ്യാറാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.