തിരുവനന്തപുരം:എസ്.എഫ്.ഐ പ്രതിഷേധത്തിനും അക്രമത്തിനുമെതിരെ കൊല്ലത്ത് ശക്തമായ അതൃപ്തി പ്രകടിപ്പിച്ച് കുത്തിയിരുന്ന സംഭവത്തിനുശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണർ വൈകിട്ട് പങ്കെടുത്ത ചടങ്ങിൽ ശക്തമായ സുരക്ഷയൊരുക്കി പൊലീസ്.സി.ആർ.പി.എഫിന്റേയും സംസ്ഥാന പൊലീസിന്റേയും വൻ സന്നാഹങ്ങളുമായാണ് ഗസ്റ്റ് ഹൗസിലെ പരിപാടിക്ക് ഗവർണറെത്തിയത്. ഇതിനിടയിൽ ഗവർണറെ അവഹേളിക്കാൻ മോരുവെള്ളവുമായി എത്തിയ ഒന്ന് രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് ലാത്തി വീശിയോടിച്ചു. കറുത്ത കൊടിയുമായി ഗസ്റ്റ് ഹൗസ് ജംഗ്ഷനിലെത്തിയ രണ്ടുപേരെ ഗവർണറുടെ വാഹനം വരുന്നതിന് മുമ്പേ പൊലീസ് പിടികൂടി.
കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് ഗവർണർ പ്രതികരിച്ചില്ല.ഒൗദ്യോഗിക പരിപാടിയാണിതെന്നും മാസ്കോട്ടിൽ നടക്കുന്ന സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തുമ്പോൾ വേണമെങ്കിൽ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത സംസ്ഥാന പൊലീസ് മേധാവിക്ക് ഗവർണർ മുഖം കൊടുത്തില്ല.തൊട്ടടുത്തിരുന്നിട്ടും പൊലീസ് മേധാവിയെ നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.റിപ്പബ്ളിക് ദിനത്തിൽ ഗവർണർ നടത്തിയ അറ്റ് ഹോം പരിപാടിക്ക് പൊലീസ് മേധാവി പങ്കെടുക്കാത്തതിൽ ഗവർണർക്ക് അതൃപ്തിയുണ്ടായിരുന്നു.പിന്നാലെ കൊല്ലത്തെ അക്രമസംഭവം കൂടിയായപ്പോൾ അതു വർദ്ധിച്ചു. എന്നിരുന്നാലും പരിപാടിക്കു ശേഷം പൊലീസ് മേധാവി ദർവേഷ് സാഹിബ് ഗവർണറെ യാത്രയയക്കാനുള്ള സംഘത്തിലുണ്ടായിരുന്നു.
കൂടുതൽ അധികാരം കിട്ടുമ്പോൾ ജനങ്ങളെ മറക്കുന്നവർക്കുള്ള മറുപടിയാണ് വിവരാവകാശനിയമമെന്ന് ഗവർണർ പറഞ്ഞു.ജനാധിപത്യത്തിൽ അധികാരം ഒരു നിശ്ചിതകാലയളവിലേക്ക് മാത്രമാണ്. പക്ഷേ അധികാരത്തിലെത്തുന്നവർ പലരും അതോർക്കാതെയാണ് പെരുമാറുന്നത്. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമത്തെക്കുറിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവർണർ പറഞ്ഞു.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ.വിശ്വാസ് മേത്ത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ.അബ്ദുൾ ഹക്കീം, ഡോ.കെ.എം.ദിലീപ് എന്നിവരും പങ്കെടുത്തു. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ വിവരാവകാശ ഉദ്യോഗസ്ഥർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.