തിരുവനന്തപുരം: ഫോട്ടോഗ്രഫിയെന്ന് പറയുമ്പോൾ തലസ്ഥാനവാസികളുടെ മനസിലെന്നും തെളിഞ്ഞുനിൽക്കുന്ന മുഖമാണ് ഇന്നലെ വിടവാങ്ങിയ പാരാമൗണ്ട് വേലായുധൻ. കഠിനപ്രയത്‌നത്തിലൂടെയാണ് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വേലായുധൻ ഫോട്ടോഗ്രഫിയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയത്. 1947ൽ 17-ാം വയസിലാണ് തൃപ്പൂണിത്തുറയിലെ വീട്ടിൽനിന്ന് ഫോട്ടോഗ്രഫി പഠിക്കാൻ വേലായുധൻ മദ്രാസിലേക്ക് പോയത്. സെന്റ് തോമസ് മൗണ്ടിലുള്ള പിതാവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്മാർട്ട് സ്റ്റുഡിയോയിൽനിന്ന് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. നാലുവർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി. തുടർന്ന് തമിഴ്‌നാട്ടുകാരനായ പത്തുസ്വാമിയുടെ ഉടമസ്ഥതയിൽ തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന പാരാമൗണ്ട് സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ വിവാഹം കഴിഞ്ഞു. വിവാഹത്തിനുശേഷം സ്വന്തമായി സ്റ്റുഡിയോ തുടങ്ങണമെന്ന ആഗ്രഹപ്രകാരം പാളയം മാർക്കറ്റിന് സമീപം വേൽ സ്റ്റുഡിയോ ആരംഭിച്ചു.
1960ൽ പത്തുസ്വാമി വേലായുധനെ വിളിച്ച് താൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും സ്റ്റുഡിയോ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും പിന്നീട് വേലായുധൻ പഴയ മുതലാളിയുടെ ആവശ്യത്തിന് വഴങ്ങി. തലസ്ഥാനത്ത് ഏറെ പ്രശസ്തമായിരുന്ന പാരാമൗണ്ട് സ്റ്റുഡിയോ സ്വന്തമായതോടെ ഫോട്ടോഗ്രഫി രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ വേലായുധന് സാധിച്ചു. പാരാമൗണ്ട് സ്റ്റുഡിയോയിൽനിന്ന് ഫോട്ടോഗ്രഫി കോഴ്‌സ് പഠിച്ചിറങ്ങിയ നൂറുകണക്കിനുപേർ വിദേശത്തടക്കം ജോലി ചെയ്യുന്നുണ്ട്.
1984ൽ സ്റ്റുഡിയോയുടെ ചുമതല രണ്ടാമത്തെ മകനായ സുരേഷിനെ ഏൽപ്പിച്ചശേഷം വേലായുധൻ പൊതുരംഗത്തേക്ക് കടക്കുകയായിരുന്നു. പൊതുരംഗത്തും അദ്ദേഹം നേട്ടങ്ങൾ സ്വന്തമാക്കി. സിനിമ-കലാസാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ നിരവധി പേരുമായും വേലായുധന് അടുത്ത സൗഹൃദമുണ്ടായിരുന്നു.