പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെയും ഫെബ്രുവരി 24 മുതൽ മാർച്ച് 8 വരെ നടക്കുന്ന അഞ്ചാമത് അതിരുദ്ര മഹായജ്ഞത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം നെയ്യാറ്റിൻകര തഹസിൽദാർ ജെ.എൽ.അരുണിന്റെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ജനുവരി 31ന് ക്ഷേത്രത്തിൽ നടക്കും.
14 ദിവസം നീണ്ടുനിൽക്കുന്ന മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഫെബ്രുവരി 24ന് വൈകിട്ട് 5.30ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഭദ്രദീപം തെളിക്കുന്നതോടെ അതിരുദ്രമഹായജ്ഞത്തിന് തുടക്കമാകും. മാർച്ച് 8ന് ശിവരാത്രി പൂജകളോടെ ഉത്സവം സമാപിക്കുമെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു. ഉത്സവത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി നടക്കുന്ന യോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം അറിയിച്ചു.