ramar

പാറശാല: കെമിക്കലുകൾ ചേർത്ത് നിർമ്മിച്ച വ്യാജ കള്ളും അക്കാനിയും വില്പന നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയായ ഒരാളെ എക്സൈസ് പിടികൂടി. തിരുനെൽവേലി ചേന്ദമംഗലത്ത് വേലപ്പനാടന്നൂർ സ്വദേശി രാമർ(53) ആണ് പിടിയിലായത്. ഇയാൾ ബജാജ് എം 80 സ്‌കൂട്ടറിൽ കൊണ്ടുനടന്ന് ചില്ലറ വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളും അക്കാനിയും വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയത്. ഇയാൾ താമസിച്ചിരുന്ന കാരോട് മേലെ കുഴിഞ്ഞാംവിളയിലെ വാടക മുറിയിൽ നടത്തിയ പരിശോധനകളിൽ വ്യാജക്കള്ള്, വ്യാജമായി നിർമ്മിച്ച അക്കാനി,ഇവ നിർമ്മിക്കുവാനായി ഉപയോഗിച്ചിരുന്ന കെമിക്കൽ പൗഡർ, കളർ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവയും കണ്ടെത്തി. വീട്ടിലും ഇയാളുടെ സ്കൂട്ടറിലും സൂക്ഷിച്ചിരുന്ന 60 ലിറ്റർ വ്യജകള്ള്, 46 ലിറ്റർ വ്യാജ അക്കാനി എന്നിവയും പിടിച്ചെടുത്തു.

സമീപത്തെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ചെറിയ അളവിൽ കള്ളും അക്കാനിയും ശേഖരിച്ച ശേഷം വെള്ളവും കെമിക്കൽ പൗഡറും ചേർത്ത് കൂടുതൽ അളവിൽ വ്യാജ കള്ളും അക്കാനിയും നിർമ്മിച്ച് പൊഴിയൂർ പോലുള്ള മേഖലകളിൽ എത്തിച്ച് വില്പന നടത്തുകയായിരുന്നു പതിവ്.

നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ ടോണി എസ്.ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എക്സൈസ് ഐ.ബി പ്രവന്റീവ് ഓഫീസർ ജസ്റ്റിൻരാജ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഭാഷ് കുമാർ, വിജേഷ്, ഡ്രൈവർ ജിൻരാജ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.