
കോവളം: തലസ്ഥാനത്തെ ഏക ശുദ്ധജല തടാകമായ വെള്ളായണി കായലിന്റെ പ്രകൃതി ഭംഗി നുകരാൻ നിരവധിപേരാണ് ദിനവും എത്തുന്നത്. എന്നാൽ ഇവർക്ക് സംരക്ഷണം ഉറപ്പാക്കാൻ വേണ്ടത്ര സുരക്ഷാസൗകര്യങ്ങളോ പ്രാഥമിക സൗകര്യങ്ങളോ ഇല്ല. കഴിഞ്ഞ വെള്ളിയാഴ്ച വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥികളായ മുകുന്ദനുണ്ണി, ലിബിനോ, ഫെർഡിനാൻ എന്നിവരുടെ ജീവനുകളാണ് സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കായലിലെ കയത്തിൽ പൊലിഞ്ഞത്. കല്ലിയൂർ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തിലെ വെള്ളായണി കായൽ പ്രദേശത്ത് ദിനവും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. കോവളം ബീച്ചിൽ എത്തുന്ന അനേകം വിദേശികളും വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലും സമീപ ഗ്രാമങ്ങളിലും താമസിക്കുന്ന തദ്ദേശീയരും പുറമെ നഗരത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്. എന്നാൽ സഞ്ചാരികൾക്ക് വേണ്ടത്ര സുരക്ഷ ഒരുക്കണ്ട സംവിധാനങ്ങൾ ഇവിടെയില്ല.
സൂചനാ ബോർഡും ഇല്ല
കായലിലെ നീല നിറത്തിലുള്ള ആമ്പലുകളും ഭംഗിയുള്ള താമരകളും കൊണ്ട് പ്രകൃതി രമണീയവും ഏറെ മനോഹരവുമാണ് കായൽ തീരം. ഓളങ്ങൾ തുളുമ്പുന്ന കായലിന്റെ വ്യത്യസ്തമായ സൗന്ദര്യങ്ങൾ കൂടുതൽ ആസ്വദിക്കുന്നതിന്റെ ഭാഗമായി വിനോദ സഞ്ചാരികളായി എത്തുന്നവരിൽ പലരും കുളിക്കാനിറങ്ങുന്നതും പതിവാണ്. എന്നാൽ ആഴമേറിയ കായലിലെ ചെളിക്കുണ്ടുകളെക്കുറിച്ച് സഞ്ചാരികൾക്ക് അറിയില്ല. പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള സൂചനാ ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇവിടെയില്ല.
അസൗകര്യങ്ങൾ മാത്രം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രദേശവാസികളടക്കം പത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാകട്ടെ ഇത് ആദ്യ സംഭവവും. അപകട മേഖലകൾ ഉൾപ്പെടുന്ന പ്രദേശത്ത് അപകട സൂചനാ ബോർഡുകളോ ലൈഫ് ഗാർഡുകളോ ഇല്ല. മറ്റ് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുമില്ല. എന്തെങ്കിലും അത്യാഹിതങ്ങൾ ഉണ്ടായാൽത്തന്നെ വിവരം പൊലീസിനോ ഫയർഫോഴ്‌സിനോ കൈമാറിയാലും മേഖലയിലെ ഇടുങ്ങിയ റോഡിലൂടെ ഉടൻ എത്താനും പ്രയാസമാണ്.
തെരുവുവിളക്കുമില്ല
വൈകുന്നേരങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന വിനോദ സഞ്ചാരികളുമായി കായൽ തീരങ്ങളിലെത്തുന്നത്. എന്നാൽ വിനോദസഞ്ചാരികളായി എത്തുന്നവർക്ക് ഇവിടെ പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റുന്നതിനുള്ള സംവിധാനങ്ങൾ ഇല്ല. മാത്രമല്ല, വേണ്ടത്ര തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ തീരം കൂരിരുട്ടിലാകുന്നതും സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.