വെഞ്ഞാറമൂട്: വേനലിന് ആശ്വാസമായി തണ്ണിമത്തൻ വിപണി സജീവമായി. വേനൽ വരവറിയിച്ചതോടെ നഗരത്തിലടക്കം പലയിടങ്ങളിലും തണ്ണിമത്തനും കരിക്കിനും ആവശ്യക്കാരേറെയുണ്ട്. വേനൽുച്ചൂടിൽ ആളുകൾക്ക് ആശ്വാസം നൽകുന്നതിൽ പ്രധാനി തണ്ണിമത്തനാണ്. ക്ഷീണവും ദാഹവും ശമിപ്പിക്കാൻ തണ്ണിമത്തന് സാധിക്കുമെന്നതിനാൽ പാതയോരങ്ങളിലെ കടകളിലുൾപ്പെടെ വില്പനയുമേറി.
അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് തണ്ണിമത്തനെത്തുന്നത്. സമാം, കിരൺ, നാംധാരി, വിശാൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്. ഇനമനുസരിച്ച് കിലോയ്ക്ക് 22-50 വരെയാണ് വില്പന. തണ്ണിമത്തൻ ജ്യൂസിന് 25-30 രൂപയും. കൂടാതെ സർബത്ത്, സോഡാ സംഭാരം, ലൈം ജ്യൂസ് വിൽക്കുന്ന കടകളും പാതയോരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇളനീരിന്റെ തണുപ്പ്
ഇളനീരിന് ആവശ്യക്കാർ ഏറിയതോടെ പാതയോരങ്ങളിലും വിശ്രമ കേന്ദ്രങ്ങളിലും വില്പനക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഇനമനുസരിച്ച് 35-45 രൂപയ്ക്ക് വരെയാണ് വില്പന. തമിഴ്നാട്ടിൽ നിന്നാണ് നഗരത്തിലേക്ക് കൂടുതലായും കരിക്കെത്തുന്നത്. പോഷകമേറെയുള്ള കരിക്ക് ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിറുത്താനും ഉത്തമമാണ്. കരിക്കിന്റെ ഇളംകാമ്പ് കഴിച്ച് വിശപ്പടക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ഇളനീരിനൊപ്പം പനം നൊങ്കും എത്തുന്നുണ്ട്.
തൊട്ടാൽ പൊള്ളും പഴങ്ങൾ
കത്തുന്ന ചൂടല്ലേ, ശരീരമൊന്ന് തണുപ്പിക്കാൻ പഴങ്ങൾ തന്നെ വേണം. പക്ഷേ വില കേട്ടാൽ പൊള്ളും. പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണി കീഴടക്കുകയാണ്. മാമ്പഴം ഒഴികെയുള്ളവ ലഭ്യമാണ്. വിദേശ പഴങ്ങളുടെ ആധിപത്യമാണ് വിപണിയിൽ. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയും എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഓറഞ്ചിന്റെ സീസൺ അവസാനിച്ച് തുടങ്ങുന്നതിനാൽ വിലയും വർദ്ധിച്ചു. മുന്തിരിക്ക് 100 മുതൽ 150 രൂപ വരെ വാങ്ങുന്നുണ്ട്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റു പോകുന്ന തണ്ണിമത്തന്റെ വില 60, 70 രൂപയാണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തും.
**വില:
ഓറഞ്ച്: ഒന്നര കിലോ -100
ആപ്പിൾ: 200-250.
മുന്തിരി : 100 - 150.
പേരയ്ക്ക - 100-150
ഡ്രാഗൺ ഫ്രൂട്ട് 220.
ഫാഷൻ ഫ്രൂട്ട്: 200
ശീമപ്പഴം : 175.
മുസംബി : 100
പ്ലം : 200