
തിരുവനന്തപുരം: ഗവർണർ വിഡ്ഢിവേഷം കെട്ടുന്നത് കേന്ദ്രസർക്കാരിന്റെ പൂർണ്ണ പിന്തുണയോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഭരണഘടനയിൽ ബാഹ്യമായ ഇടപെടൽ നടത്തുകയാണ് ഗവർണർ. നിലമേലിൽ പ്രതിഷേധത്തിനിറങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർ വണ്ടിയിൽ അടിച്ചു എന്നത് ശുദ്ധ കളവെന്ന് മാദ്ധ്യമങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റാർക്കെങ്കിലും വേണ്ടി കെട്ടുന്ന വിഡ്ഢിവേഷം കേരളത്തിൽ ഏശില്ല.
ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടില്ല. എക്സ് പോയാൽ വൈ വരും. അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം. ചിലപ്പോൾ ഇനിയും ഇതുപോലുളള ആർ.എസ്.എസുകാരനാവും വരിക. സി.ആർ.പി.എഫ് വന്നതു കൊണ്ട് ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കണമെന്നില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങൾ ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല മറ്റുപല കാര്യങ്ങളിലും നടപടിക്രമം പാലിച്ചിട്ടില്ല. നിയമപ്രകാരമാണെങ്കിൽ ഗവർണർ ഇങ്ങനെ പെരുമാറുമോ.