p

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയിലെ വെട്ടിപ്പുകൾ തുടർച്ചയായി പിടികൂടിയതോടെ തൊഴിലുറപ്പ് മിഷൻ ഓബുഡ്സ്മാൻമാരുടെ പുനർനിയമനവും നിലനിറുത്തലും ഫ്രീസറിലായി. പ്രാദേശിക തലത്തിൽ കക്ഷിഭേദമില്ലാതെ ചില രാഷ്ട്രീയ പ്രവർത്തകരും ഒരു വിഭാഗം ഉദ്യോഗസ്ഥരുമാണ് തട്ടിപ്പുകൾക്കുപിന്നിൽ. ഇവരാണ് ഓബുഡ്സ്മാൻമാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം.

രണ്ടുവർഷം പൂർത്തിയായ ഓംബുഡ്സ്‌മാൻമാരുടെ പ്രവർത്തനം വിലയിരുത്തി രണ്ടുവർഷത്തേക്ക് കാലാവധി നീട്ടി നൽകാം.അല്ലെങ്കിൽ പുതിയ ഓംബുഡ്സ്മാൻമാരെ നിയോഗിക്കണം. എന്നാൽ, സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇതു രണ്ടും ചെയ്യാതെ ഓംബുഡ്സ്മാൻമാരുടെ കസേര അനന്തമായി ഒഴിച്ചിടാനാണ് നീക്കം. നവംബർ നാലിന് കാലാവധി അവസാനിച്ച സംസ്ഥാനത്തെ ഒൻപത് ജില്ലാ തൊഴിലുറപ്പ് ഓംബുഡ്മാൻമാരുടെ കാലാവധി മൂന്നു മാസത്തേക്കോ, പ്രവർത്തന മികവ് വിലയിരുത്തുന്നത് വരെയോ നീട്ടി സർക്കാർ നവംബർ അഞ്ചിന് ഉത്തരവായിരുന്നു. ഈ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ ഫെബ്രുവരി നാലിന് ഒൻപത് ഓംബുഡ്സ്മാൻമാരുടെയും കാലാവധി അവസാനിക്കും.കണ്ണൂർ,കാസർകോട്,വയനാട്,പാലക്കാട് ജില്ലകളിലെ ഓംബുഡ്സ്മാൻമാർക്ക് മേയ് വരെ കാലാവധിയുണ്ട്. ആരോഗ്യപ്രശ്നങ്ങളാൽ കോട്ടയത്തെ ഓംബുഡ്സ്മാൻ 11മാസം മുമ്പ് രാജിവച്ചെങ്കിലും അതും നികത്താൻ നടപടിയുണ്ടായില്ല. ഓംബുഡ്മാൻമാരുടെ തസ്തിക ഒഴിച്ചിടാൻ പാടില്ലെന്നാണ് കേന്ദ്രനിയമം.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൽ നിന്നുള്ള ഒരു പ്രതിനിധിയും കേന്ദ്ര സർക്കാർ നാമ നിർദ്ദേശം ചെയ്യുന്ന പൗര സമൂഹത്തിലെ പ്രമുഖ വ്യക്തിയും സംസ്ഥാന സർക്കാരിലെ അഡിഷണൽ ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൾ സെക്രട്ടറിയും അടങ്ങിയതാണ് സെലക്ഷൻ കമ്മിറ്റി.

ഒഴിവു നികത്തിയത് കേന്ദ്ര ഇടപെടലിൽ

2012ൽ സംസ്ഥാനത്ത് ആദ്യമായി ഓംബുഡ്സ്മാൻമാരെ നിയമിച്ചെങ്കിലും 10പേരെയും പ്രവർത്തനം വിലയിരുത്താതെ 2014ൽ പിരിച്ചുവിട്ടു.കോടതിയെ സമീപിച്ച നാലുപേർ 2016വരെ തുടർന്നു. അതിനുശേഷം ഏഴു വർഷം തൊഴിലുറപ്പ് പദ്ധതിയിൽ ഓംബുഡ്സ്മാൻമാർ ഉണ്ടായില്ല. ഒടുവിൽ ഫണ്ട് നൽകില്ലെന്ന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനവും ഹൈക്കോടതിയുടെ ഇടപെടലും വന്നതോടെയാണ് 2021ൽ നിയമനം നടത്തിയത്.

പിടികൂടിയ പ്രധാന തട്ടിപ്പുകൾ

കരാർ ജീവനക്കാരും പഞ്ചായത്ത് ഭരണാധികാരികളും ചേർന്നുള്ള തട്ടിപ്പ്

 കക്ഷി രാഷ്ട്രീയം നോക്കി തൊഴിലാളികൾക്ക് ജോലി നിഷേധിക്കൽ

അർഹതപ്പെട്ട തൊഴിലാളികൾക്കുള്ള കൂലി തട്ടിയെടുക്കൽ

തൊഴിൽ ചെയ്തതായി കാണിച്ച് വേണ്ടപ്പെട്ട അക്കൗണ്ടിലേക്ക് പണം മാറ്റൽ