
വർക്കല : നാരായണ ഗുരുകുല്ദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദിന് പത്മശ്രീ പുരസ്കാരം ശതാഭിഷേകത്തിന് പിന്നാലെ വന്ന അംഗീകാരം.
'സ്വാഭാവികമായും ഈ സന്ദർഭത്തിൽ ഞാൻ ആഹ്ലാദിക്കേണ്ടതാണ്. ഞാൻ സന്യാസിയാണ്. സന്യാസിമാർ അഭിനന്ദനത്തെ നിന്ദിക്കുന്നത് നിന്ദ്യമാണ്. അതുകൊണ്ട് ആഹ്ലാദമൊന്നും കൂടാതെ തന്നെ ഈ പുരസ്കരം സ്വീകരിക്കുന്നു. എനിക്ക് പത്മശ്രീ ലഭിച്ചതിൽ സന്തോഷിക്കുന്ന ആയിരക്കണക്കിന് ഗുരുകുല ബന്ധുക്കളുണ്ട്. അവരുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു', അദ്ദേഹം പറഞ്ഞു.
നാരായണ ഗുരുവിന്റെ ജീവിതവും ദർശനവും അതിന്റെ ശുദ്ധമായ രൂപത്തിൽ വരും തലമുറകൾക്ക് പകർന്നു കൊടുക്കുകയെന്ന ദൗത്യമാണ് നടരാജഗുരു, ഗുരു നിത്യചൈതന്യയതി എന്നിവരുടെ പിൻഗാമിയായ ഗുരു മുനി നാരായണപ്രസാദും ഏറ്റെടുത്തിട്ടുളളത്. അദ്വൈത വേദാന്തം എന്നറിയപ്പെടുന്ന കൃത്യമായ അറിവ് വിവിധ രൂപങ്ങളിൽ വംശം , ജാതി, ദേശീയത, ലിംഗഭേദം , മതം മുതലായവ പരിഗണിക്കാതെ
പ്രചരിപ്പിക്കാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നാരായണ ഗുരുകുലത്തിന്റെ അദ്ധ്യക്ഷൻ. നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനവും വിവർത്തനവുമുൾപ്പെടെ 126ഓളം ഗ്രന്ഥങ്ങൾ ഈ ശ്രേണിയിൽ അദ്ദേഹത്തിന്റേതായുണ്ട്. 100എണ്ണം മലയാളത്തിലും 26 എണ്ണം ഇംഗ്ലീഷിലും. ഉപനിഷത്തുകളുടെയും ഭഗവദ് ഗീതയുടെയും സ്വതന്ത്ര വ്യാഖ്യാനങ്ങളും മുനിനാരായണ പ്രസാദിന്റേതായുണ്ട്. സൗന്ദര്യലഹരിയുടെ വിവർത്തനത്തിന് 2015ലും 2018ൽ ആത്മയാനം എന്ന ആത്മകഥക്കും കേരള സാഹിത്യ അക്കാഡമിയുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1938-ൽ തിരുവനന്തപുരം നഗരൂരിൽ ജനിച്ച മുനി നാരായണപ്രസാദ് എഞ്ചിനീയറിംഗ് പഠനകാലത്താണ് ഗുരു നിത്യചൈതന്യ യതിയെ പരിചയപ്പെടുന്നത് . പഠനശേഷം വർക്കലയിലെ നാരായണ ഗുരുകുലത്തിൽ താമസം തുടങ്ങി . നടരാജ ഗുരു, മംഗളാനന്ദ സ്വാമികൾ , നിത്യചൈതന്യ യതി എന്നിവർ നൽകിയ ക്ലാസ്സുകളിൽ തുടർച്ചയായി പങ്കെടുക്കാനും അച്ചടക്കത്തോടെയുള്ള ആത്മീയ പഠനം പിന്തുടരുന്നതിനും ഇത് അവസരമൊരുക്കി . ഇതിനിടെ പൊതുമരാമത്ത് വകുപ്പിൽ പി.എസ്.സി വഴി നിയമനം ലഭിച്ചു. അപ്പോഴും ഗുരുകുല അന്തേവാസിയായിത്തന്നെ ജീവിതം നയിച്ചു. ഏറെക്കഴിഞ്ഞ് ജോലി രാജി വച്ച് നാരായണ ഗുരുകുലത്തിന്റെ മുഴുവൻ സമയ പ്രവർത്തനങ്ങളിൽ മുഴുകി. 1970 ജനുവരി 1ന് ഗുരുകുലസ്ഥാപകൻ നടരാജഗുരുവിൽ നിന്നും ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. അതേവർഷം എഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനത്തിന്റെ മുഖ്യസംഘാടകനുമായി. 1985ൽ ഗുരുനിത്യചൈതന്യയതിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്.
1987ൽ മോസ്കോയിൽ നടന്ന ലോക മതനേതാക്കളുടെ വട്ടമേശ സമ്മേളനത്തിൽ സംബന്ധിച്ചു. 1989 മുതൽ 92 വരെ പെസഫിക് സമുദ്രത്തിലെ ഫിജി ഗുരുകുലത്തിൽ താമസിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിലുമുളള സർവ്വകലാശാലകളിലും ക്ലാസുകളും സെമിനാറുകളും നടത്തിയിട്ടുണ്ട്. നാരായണ ഗുരുവിന്റെ സന്യാസശിഷ്യ പരമ്പരയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പത്മശ്രീ പുരസ്കാരമാണിത്. 2019 ൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന സ്വാമി വിശുദ്ധാനന്ദയെ പത്മശ്രീപുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.
ഫോട്ടോ: ഗുരുമുനിനാരായണപ്രസാദ്