naseer

കഴക്കൂട്ടം: ആനയെ കയറ്റിവന്ന ലോറിയിടിച്ച് മോട്ടോർ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം പായ്ചിറയിൽ താമസിച്ചിരുന്ന കണിയാപുരം കരിച്ചാറ പുളിമൂട്ടിൽ വീട്ടിൽ എം.എം.നസീറാണ് (65) മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കഴക്കൂട്ടം മേൽപ്പാലം അവസാനിക്കുന്ന ഇറക്കത്തായിരുന്നു അപകടം.

നസീർ ഭാര്യ ഷീജയെ കഴക്കൂട്ടത്തു വിട്ടശേഷം ബൈക്കിൽ സർവീസ് റോഡിലൂടെ സി.എസ്.ഐ ആശുപത്രിവഴി മടങ്ങുമ്പോഴാണ് പിന്നാലെ എത്തിയ ലോറി ഇടിച്ചത്. വേഗതയിലായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ നസീറിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. ധരിച്ചിരുന്ന ഹെൽമെറ്റും തകർന്നു. അപകടശേഷം കുറേദൂരം മുന്നോട്ടുപോയാണ് ലോറി നിന്നത്.

വിഴിഞ്ഞത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ആനയെ ലോറിയിൽ കൊല്ലത്തേയ്ക്കു കൊണ്ടുപോകുകയായിരുന്നു. മറ്റൊരു ലോറിയിൽ ആനയെ പിന്നീട് കൊല്ലത്തെത്തിച്ചു. കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ലോറി കസ്റ്റഡിയിലെടുത്തു. പാൽ വില്പനക്കാരന്റെ സഹായിയായിരുന്നു നസീർ. കരിച്ചാറ മുസ്ലിം ജമാ അത്തിൽ കബറടക്കി. മക്കൾ: സക്കീന, ഹാറൂൺ.