തിരുവനന്തപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിലേക്ക് തുണി നെയ്തുനൽകിയ തൊഴിലാളികൾക്കുള്ള കുടിശ്ശികയായ 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അഞ്ചുമാസമായി കൂലി മുടങ്ങിയിരുന്നു. ഇക്കാര്യം കഴിഞ്ഞ മാസം 28ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഇടപെടൽ വൈകിയാൽ യൂണിഫോം വിതരണം വൈകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
48-50 ലക്ഷം മീറ്റർ തുണിയാണ് അടുത്ത അദ്ധ്യയന വർഷത്തേക്ക് ആവശ്യം. 30 ലക്ഷം മീറ്റർ തുണിയുടെ ഉത്പാദനമാണ് ഇതുവരെ നടന്നത്. സാധാരണഗതിയിൽ ഡിസംബറോടെ നെയ്ത്ത് പൂർത്തിയാവേണ്ടതാണ് .
തിരുവനന്തപുരം മുതൽ എറണാകുളം വരെ ഹാന്റക്സും തൃശൂർ മുതൽ കാസർകോട് വരെ ഹാൻവീവുമാണ് തുണി വിതരണം ചെയ്യുന്നത്.
പരമ്പരാഗത കൈത്തറിയുടെ ഉന്നമനത്തിനും കുട്ടികൾക്ക് മേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കിയത്.
ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.
നൂലിനും ക്ഷാമം
സാമ്പത്തിക പ്രതിസന്ധി കാരണം സ്പിന്നിംഗ് മില്ലുകളിൽ പലതിലും നൂൽ ഉത്പാദനം നിലച്ചിരിക്കുകയാണ്. ഹാൻഡ്ലൂം ഡയറക്ടറേറ്റിൽ നിന്നാണ് മില്ലുകൾക്ക് നൂലിനുള്ള ഓർഡർ ലഭിക്കുന്നത്. 60,000 കിലോ നൂലാണ് യൂണിഫോമിന് നൽകുന്നത്. ഇതിന് രണ്ടു കോടി രൂപ വേണം.
52.42 രൂപ:
ഒരു മീറ്റർ യൂണിഫോം
തുണിക്ക് നൽകുന്നത്
6200:
നെയ്ത്തുകാർ
1600:
അനുബന്ധ
തൊഴിലാളികൾ