തിരുവനന്തപുരം: പ്രവാസിമലയാളി ദമ്പതികളുടെ വസ്തുവിന്റെ രേഖകളിൽ തിരുത്തൽ വരുത്തുകയും വ്യാജസർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്ത റവന്യു ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് വിജിലൻസ് കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ റവന്യുവകുപ്പ്. ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ദമ്പതികൾ.

വർക്കല ചെറുന്നിയൂർ സൂര്യമംഗലം വീട്ടിൽ നൈനാറാണി, ഭർത്താവ് റോയ് പ്രഭാകരൻ എന്നിവരുടെ ഒരേക്കറോളം വസ്തുവിന്റെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. മുൻ കരവാരം വില്ലേജ് ഓഫീസർ ബിനു, തുടർന്നുവന്ന വില്ലേജ് ഓഫീസർ സന്തോഷ് കുമാർ.കെ, വില്ലേജ് അസിസ്റ്രന്റ് രാജേഷ് കുമാർ,ചിറയൻകീഴ് ഭൂരേഖ തഹസിൽദാർ സജി എന്നിവർക്കെതിരെയാണ് ഒരു വർഷം മുമ്പ് ലാൻഡ് റവന്യൂകമ്മിഷണർക്ക് പരാതി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂവിജിലൻസ് ഡെപ്യൂട്ടി കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കരവാരം വില്ലേജ് ഓഫീസർ സന്തോഷ് കുമാറും ഭൂരേഖാ തഹസീൽദാർ സജിയും കുറ്റക്കാരെന്ന് റിപ്പോർട്ട് നൽകിയെങ്കിലും വകുപ്പുതല നടപടികൾ ഉണ്ടായില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത് ഇപ്പോൾ.