
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന പതിമൂവായിരം തൊഴിലാളികൾ രണ്ട് മാസമായി വേതനമില്ലാതെ വലയുന്നു. ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് വൈകുന്നതാണ് കാരണം.
നവംബർ, ഡിസംബറിലെ തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ടാഴ്ച മുൻപ് ഉത്തരവ് ഇറക്കിയെങ്കിലും അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് പ്രഥമാദ്ധ്യാപകർ പറയുന്നു. രണ്ട് മാസത്തെ 91 കോടി രൂപയാണ് കിട്ടാനുള്ളത്. ഈ തുക ലഭിക്കാതെ തൊഴിലാളികൾക്ക് വേതനം നൽകാനാവില്ല.
150 കുട്ടികൾ വരെയുള്ള സ്കൂളിലെ തൊഴിലാളിക്ക് ദിവസം 600 രൂപയാണ് വേതനം. കൂടുതലുള്ള ഓരോ കുട്ടിക്കും 25 പൈസ വീതം അധിക വേതനം ലഭിക്കും. അഞ്ഞൂറിലേറെ കുട്ടികളുള്ള സ്കൂളിൽ രണ്ട് പാചകത്തൊഴിലാളികളുണ്ട്. 600 രൂപയാണ് അടിസ്ഥാന ശമ്പളം. ശേഷമുള്ള തുക ഇരുവർക്കുമായി വീതിക്കും. മാസത്തിൽ 21- 22 പ്രവൃത്തിദിനങ്ങളാണുള്ളത്.
സാമ്പത്തികവർഷം അവസാനമായതിനാൽ ജനുവരി , ഫെബ്രുവരി മാസങ്ങളിലെ തുക വൈകുമെന്ന ആശങ്കയിലാണ് പ്രഥമാദ്ധ്യാപകർ. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരിയിലെ തുക ലഭിച്ചത് മേയിലായിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കാൻ പ്രഥമാദ്ധ്യാപകർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രധാന പാചകത്തൊഴിലാളി യൂണിയനുകൾ വേതനത്തിനായി ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകുന്നതിനൊപ്പം പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളും ഏർപ്പെടുത്തണം. പല സ്കൂളുകളിലും പാചകത്തൊഴിലാളികളുടെ അദ്ധ്വാനഭാരം കൂടുതലാണ്. അത് കുറയ്ക്കാനുള്ള നടപടികളും വേണം
വി.പി കുഞ്ഞികൃഷ്ണൻ
സംസ്ഥാന പ്രസിഡന്റ്
സ്കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സി. ഐ.ടി.യു)