niyamasabha

തിരുവനന്തപുരം: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് തുടങ്ങുമെങ്കിലും സഭാനടപടികൾ സുഗമമായി നടക്കാൻ സാധ്യതയില്ല. മുൻ മന്ത്രി ഇ.ചന്ദ്രശേഖരനാണ് നന്ദിപ്രമേയം അവതരിപ്പിക്കുക. ഗവർണറോട് ഭരണപക്ഷം കടുത്ത അമർഷത്തിലാണ്.

84 സെക്കന്റുകൊണ്ട് വഴിപാടുപോലെ ഗവർണർ നടത്തിയ നയപ്രഖ്യാപനം തന്നെ ആയുധമാക്കി സർക്കാരിനെ പ്രഹരിക്കാനാവും പ്രതിപക്ഷ ശ്രമം. ക്ഷേമപെൻഷനുകൾ മുടങ്ങിയതുമൂലം ഉണ്ടായ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിരിക്കുകയാണ്. പി.സി.വിഷ്ണുനാഥാണ് പ്രമേയം അവതരിപ്പിക്കുക. ഇന്ന് രാവിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം ചേരുന്നുണ്ട്.

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ മന്ത്രിമാർ ഒന്നടങ്കം ഡൽഹിയിൽ സമരം ചെയ്യാൻ ഒരുങ്ങുമ്പോഴും നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ ആക്രമിക്കാത്തതാവും പ്രതിപക്ഷം ഉയർത്തിക്കാട്ടുക. തുടരെ അന്വേഷണങ്ങൾ നടത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുമ്പോഴും കമാന്നൊരക്ഷരം പ്രസംഗത്തിലുൾപ്പെട്ടില്ല. സർക്കാരിനെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുന്നതിനെതിരെ കാര്യമായ പരാമർശങ്ങളില്ല. കിഫ്ബിയുടെ പേരിൽ സംസ്ഥാനത്തെ കുരുക്കിലാക്കിയിട്ടും അതിനെ പ്രതിരോധിക്കാത്തതും പ്രതിപക്ഷത്തിന്റെ ആയുധമാണ്.

നയപ്രഖ്യാപനം 84 സെക്കന്റിലൊതുക്കി സർക്കാരിനെ നാണംകെടുത്തിയ

ഗവർണറുടെ നടപടി ഗൗനിക്കേണ്ടെന്നായിരുന്നു എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലെ തീരുമാനം. അതിന്റെ പ്രതിഫലനമായിരുന്നു അതിനെ ന്യായീകരിച്ചുള്ള മന്ത്രി പി.രാജീവിന്റെ പ്രതികരണം. മറ്റു മന്ത്രിമാരും തണുപ്പൻ നിലപാടാണ് സ്വീകരിച്ചത്.

പക്ഷേ, നിലമേൽ സംഭവത്തോടെ സാഹചര്യം മാറി.

നിലമേലിൽ എസ്.എഫ്.ഐ പ്രതിഷേധത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഒന്നര മണിക്കൂറോളം റോഡരികിൽ ഇരുന്ന ഗവർണർ സർക്കാരിനെ വല്ലാത്ത പ്രതിസന്ധിയിലാണ് എത്തിച്ചത്.അത് കേന്ദ്ര സേനയെ വിളിച്ചു വരുത്തുന്നതിനും ഇട നൽകി.അതിന്റെ പ്രതിഫലനം

ഭരണപക്ഷത്തും ഉണ്ടാവും.


,