kalari

തിരുവനന്തപുരം: അടുത്തവർഷം മുതൽ കളരി സ്കൂൾ കായികമേളയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അയ്യങ്കാളി ഹാളിൽ സംസ്ഥാന യുവജനക്ഷേമ ബോർഡും സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും(എസ്.കെ.എ) സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ.എ കോഴിക്കോട് പ്രസിഡന്റ് കൂടിയായ സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ എം.ജയകുമാർ, യൂത്ത് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, തൃശൂർ എസ്.കെ.എ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ഗുരുക്കൾ, എറണാകുളം ജില്ലാ സെക്രട്ടറി ശിവൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുത്തു. 75-ാം വയസിലും കളരിയിൽ ചുവടുവയ്ക്കുന്ന വളപ്പിൽ കരുണൻ ഗുരുക്കൾക്ക് 2023ലെ വീരമാർത്താണ്ഡവർമ്മ പുരസ്കാരം മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു. വൈകിട്ട് നടന്ന സമാപനസമ്മേളനം എസ്.കെ.എ പ്രസിഡന്റ് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.കെ.എ ജനറൽ സെക്രട്ടറി നാരായണൻ ഗുരുക്കൾ, , ആലപ്പുഴ എസ്.കെ.എ പ്രസിഡന്റ് ടി.ടി.ജിസ്‌മോൻ, യൂത്ത് വെൽഫെയർ ബോർഡ് മെമ്പർ സെക്രട്ടറി പ്രസന്നകുമാർ, എസ്.കെ.എ വൈസ് പ്രസിഡന്റ് ഷാജി വാസുദേവൻ ഗുരുക്കൾ, ജോയിന്റ് സെക്രട്ടറി പ്രതാപൻ ഗുരുക്കൾ തുടങ്ങയവർ പങ്കെടുത്തു. നാഷണൽ യൂത്ത് ഫെസ്റ്റിൽ പങ്കെടുത്ത അഭ്യാസികളെ ചടങ്ങിൽ ആദരിച്ചു. ആറ് ഇനങ്ങളിൽ നാലു വിഭാഗങ്ങളിലായി(ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ) വിവിധ ജില്ലകളിൽ നിന്ന് 265 പേർ മാറ്റുരച്ചു.