
കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആനാകോട് വാർഡിലെ കോണിനടയിൽ പുതിയ കനാൽ പാലം പണിയണമെന്ന ആവശ്യം ശക്തമാവുന്നു. പ്രദേശത്തുകാർക്ക് തൊട്ടുമുന്നിൽ റോഡുണ്ടെങ്കിലും വീടുകളിലേക്ക് അത്യാവശ്യത്തിന് ഒരു ആംബുലൻസ് പോലും എത്തിക്കാനുള്ള സൗകര്യമില്ല. അഥവാ വാഹനം എത്തണമെങ്കിൽ നാല് കിലോമീറ്ററോളം ചുറ്റിയാലെ ഇവിടെ വാഹനം എത്തൂ.
നെയ്യാറിന്റെ വലതുകര കനാലിന്റെ വലത് ഭാഗത്തായി നൂറോളം കുടുംബങ്ങളാണുള്ളത്. ഇവിടത്തുകാർ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാ ദുരിതമാണിത്. 1951ൽ നെയ്യാർഡാം കമ്മീഷൻ ചെയ്ത കാലത്തെ തൊട്ടിപ്പാലമാണിപ്പോഴും ഇവിടെ ഉള്ളത്. കഷ്ടിച്ച് ഒരു ഇരുചക്ര വാഹനത്തിന് മാത്രമേ ഇതുവഴി കടന്നുപോവാൻ കഴിയൂ. ഈ ഒറ്റയടി പാലമാണ് ഇവിടത്തുകാരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത്. നിലവിലെ തൊട്ടിപ്പാലത്തിന് 72 വർഷത്തോളം പഴക്കമുണ്ട്. അതിനേക്കാളുപരി അപകടാവസ്ഥയിലും. കമ്പികൾ ദ്രവിച്ച് പലഭാഗത്ത് നിന്നും കോൺക്രീറ്റ് അടർന്നുപോയിക്കഴിഞ്ഞു. അരുവിക്കര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇവിടെ വാഹന ഗതാഗതത്തിന് ഒരു പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാരുടെ ആവശ്യം ഉന്നയിച്ച് നവകേരള സദസിൽ നിവേദനം നൽകിയിട്ടുണ്ട്.
 സർവ്വത്ര ദുരിതം
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ദിവസവും വിവിധ സ്ഥലങ്ങളിലേയ്ക്കായി ഇവിടെ നിന്നും യാത്ര ചെയ്യുന്നത്. വാഹന സൗകര്യമില്ലാത്തതിനാൽ ഈ പ്രദേശത്തെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ മാർക്കറ്റിലെത്തിക്കാനും ബുദ്ധിമുട്ടാണ്. രോഗികളെ ചുമന്നാണ് റോഡിലെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ഇതിനെക്കാളുപരി അംഗപരിമിതരുടെ ദുരിതം വേറെയും.