k

തിരുവനന്തപുരം: വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ കാഴ്ചകൾ ഒരുക്കി തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. ബഹിരാകാശത്തേക്കും അമ്യൂസ്‌മെന്റ് പാർക്കിലെ റോളർ കോസ്റ്ററിലേയ്ക്കും വി.ആർ ഗ്ലാസ് അണിഞ്ഞ് യാത്ര ചെയ്യാം. വിക്ഷേപണത്തിന് തയ്യാറായി ലോഞ്ച് പാഡിൽ നിൽക്കുന്ന റോക്കറ്റിനു ചുറ്റും പറന്ന് കാഴ്ചകൾ കാണുന്ന 360 ഡിഗ്രി വീഡിയോയും വി.ആർ പ്രദർശനത്തിലുണ്ട്. ചിന്നംവിളിയോടെ കുത്താനെത്തുന്ന ആനയും ചീറി പാഞ്ഞടുക്കുന്ന പുള്ളിപ്പുലിയും കാഴ്ച, കേൾവി, സ്പർശം, മണം, രൂചി, ഓർമ്മ തുടങ്ങിയവയിൽ തലച്ചോർ വഹിക്കുന്ന പങ്ക് വിശദമാക്കുന്ന വീഡിയോ വാളും കുട്ടികളെ രസിപ്പിക്കുന്നുണ്ട്. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട് സയൻസും ചേർന്നാണ് ഫെസ്റ്റിവൽ നടത്തുന്നത്‌. ഫെസ്റ്റ് ഫെബ്രുവരി 15ന് അവസാനിക്കും. സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനത്തിന് ശേഷവും ഫെസ്റ്റ് ആരംഭിക്കാൻ കാലതാമസം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാ പവലിയനും പൂർണ സജ്ജമാണെന്ന് സംഘാടകർ പറയുന്നു. ടെന്റുകളിൽ താമസിച്ച് ആകാശം വീക്ഷിക്കാവുന്ന നൈറ്റ് സ്കൈ വാച്ചിംഗും ഒരുക്കിയിട്ടുണ്ട്.

ഉറുമ്പിന്റെ ഭാഷ

മനുഷ്യർ സംസാരിക്കുന്ന 59 വ്യത്യസ്ത ഭാഷകൾ 59 ഹെഡ്‌സെറ്റുകളിലൂടെ കേൾക്കാം. ഉറുമ്പുകളും തേനീച്ചകളും ഡോൾഫിനും തിമിംഗലങ്ങളും വവ്വാലുകളും ആശയവിനിമയം നടത്തുന്നതും ഭാഷാ പവലിയനിൽ വിശദീകരിക്കും.