നെടുമങ്ങാട്: നഗരസഭ 2024-25ലെ വാർഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. 16 വർക്കിംഗ് ഗ്രൂപ്പുകൾ തയാറാക്കിയ പദ്ധതികൾ,39 വാർഡ് സഭകളിൽ ചർച്ച ചെയ്‌ത് നിർദേശങ്ങൾ സ്വീകരിച്ചാണ് കരട് പദ്ധതി രേഖ തയ്യാറാക്കിയത്.

21 കോടി രൂപ പദ്ധതി വിഹിതവുമായി നഗരസഭയുടെ സമഗ്ര വികസനമാണ് ഭരണസമിതി 2024-25 വാർഷിക പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. പശ്ചാത്തല വികസന പദ്ധതികൾക്ക് പുറമെ,നഗരസഭയിലെ 9 പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കൽ,പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് മികച്ച വിദ്യാഭ്യാസം,ഭൂമി,വീട് എന്നിവയ്ക്കായി 3.82 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാനും പട്ടികവർഗ ഉപപദ്ധതിയിൽ 1.83 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനും കരട് രേഖയിൽ നിർദേശമുണ്ട്.

മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സെമിനാർ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജയുടെ അദ്ധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എസ്. സിന്ധു കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ്‌ ചെയർമാൻ എസ്‌.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.സതീശൻ,പി.വസന്തകുമാരി,എസ്‌.അജിത,കൗൺസിലർമാരായ പൂങ്കുംമൂട്‌ അജി, എസ്‌. വിനോദിനി, സിന്ധു കൃഷ്ണകുമാർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ്‌ കൺവീനർമാർ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി എസ്.കുമാർ നന്ദി പറഞ്ഞു.