പാലോട്: നന്ദിയോട് പഞ്ചായത്തിലെ ഒട്ടുപാലം മേഖലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമെത്തിയ കാട്ടുപോത്ത് ഏറെ നേരം പരിഭ്രാന്തി പടർത്തി. പച്ച ശാസ്താ ക്ഷേത്രവും പരിസരത്തും നിരവധി പേരാണ് എത്തിച്ചേരുന്നത്. പഞ്ചായത്തിലെ തന്നെ വലിയ വേങ്കോട്ടുകോണം, ദ്രവ്യംവെട്ടിയമൂല, കാരിവാൻകുന്ന് മേഖലകളിൽ കാട്ടുപോത്തുശല്യം രൂക്ഷമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ പ്രദേശങ്ങളിൽ പകൽ സമയത്തു പോലും ഒറ്റയായും കൂട്ടമായുമെല്ലാം കാട്ടുപോത്തുകളെത്തുകയാണ്. വാഹന സൗകര്യമൊട്ടും തന്നെയില്ലാത്ത വനമേഖലയിൽ കൂടി വിദ്യാർത്ഥികൾ ഭയപ്പാടോടെ കിലോമീറ്ററുകൾ നടന്നാണ് പോകുന്നത്. പുലർച്ചെ മൂന്ന് മണിയോടെ ടാപ്പിംഗ് ജോലി ആരംഭിച്ചിരുന്ന തൊഴിലാളികളിപ്പോൾ ഏഴു മണിക്ക് ശേഷമാണ് ജോലിക്കിറങ്ങുന്നത്. ഇത് റബർ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.