
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന 'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഫെബ്രുവരി 9ന് കാസർകോട്ട് തുടക്കം. വൈകിട്ട് 4ന് മുനിസിപ്പൽ മൈതാനത്ത് നിന്നാരംഭിക്കുന്ന യാത്ര എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 29ന് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്ന് കാട്ടിക്കൊണ്ടായിരിക്കും സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തുക. 30 സമ്മേളനങ്ങളിലായി 15 ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തും. സമാപനസമ്മേളനത്തിൽ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ, പ്രിയങ്കാ ഗാന്ധിയോ പങ്കെടുത്തേക്കും.കെ.സുധാകരനും വി.ഡി സതീശനും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഷ്ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങൾ കേൾക്കും. ഫെബ്രുവരി 25നും 28നും അവധിയാണ്.
യാത്രയുടെ വിജയത്തിനായി വിവിധ ഉപസമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.