
തിരുവനന്തപുരം: നഗരത്തിനകത്ത് ഇന്നും കടത്തിനെ മാത്രം ആശ്രയിക്കുന്ന പാപ്പനംകോട് എസ്റ്റേറ്റ് വാർഡിന്റെ ഭാഗമായ സത്യൻനഗർ മലമേൽക്കുന്ന് നിവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന മലമേൽക്കുന്നിനെയും മുടവൻമുഗളിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനത്തിൽ
മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും.
നഗരത്തിനകത്തെ അപൂർവകാഴ്ചയാണെങ്കിലും ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറുച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. 13.6 കോടിയാണ് പാലം പണിക്കായി ഭരണാനുമതി ലഭിച്ചത്. മലമേൽക്കുന്ന് നിവാസികൾക്ക് മുടവൻമുഗൾ ഭാഗത്തെത്താനുള്ളതാണ് കരമനയാറിന് കുറുകെയുള്ള മലമേൽക്കുന്ന് കടത്ത്. 50 വർഷത്തിലേറെയായി പ്രദേശത്തുകാർ ഈ കടത്തിനെയാണ് ആശ്രയിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. ആറു മാസത്തേക്കാണ് കരാർ.
വിനോദിന് ആശ്വാസം
പാലം വരുമ്പോൾ വർഷങ്ങളായി കടത്ത് നടത്തുന്ന പരിസരവാസിയായ വിനോദിനും സന്തോഷമാണ്. വിനോദിന് ഇടക്കാലാശ്വാസമായി 50,000 രൂപ നൽകി. കോർപ്പറേഷൻ കൗൺസിലിൽ ചർച്ച നടത്തി ജോലി നൽകുന്നതും പരിഗണിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറര വരെ നൂറോളം പേരാണ് കടത്തിനെ ആശ്രയിക്കുന്നത്. ഒരു തവണ പരമാവധി പത്ത് പേരെ കയറ്റും. ജോലിക്ക് പോകുന്നവരും പൂജപ്പുര സെന്റ് മേരീസ്, മന്ദിരം സ്കൂൾ, എൽ.ബി.എസ് എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും സ്ഥിരം യാത്രികരാണ്. പുനരധിവാസ പാക്കേജിന്റ യോഗം കഴിഞ്ഞെങ്കിലും സ്ഥലം ഏറ്റെടുക്കാൻ റവന്യുവകുപ്പ് വൈകിയതാണ് പദ്ധതി ഇഴയാൻ കാരണം.
പ്രശ്നങ്ങൾ
മഴക്കാലത്ത് അരുവിക്കര ഡാം തുറന്ന് കരമനയാറിൽ ജലനിരപ്പ് ഉയരുമ്പോൾ കടത്ത് ബുദ്ധിമുട്ടാകും.
നവംബർ-ഡിസംബർ മാസങ്ങളിൽ ഇരുട്ട് നേരത്തെ വീഴുന്നതിനാൽ വൈകിട്ടുള്ള യാത്ര അപകടകരമാണ്.
പാപ്പനംകോട് നിന്ന് മുടവൻമുഗൾ പോകാൻ കരമന, കൈമനം, പൂജപ്പുര വഴി ചുറ്റിപ്പോകണം
കടത്തില്ലാത്ത സമയം മെഡിക്കൽ കോളേജ്, കിഴക്കേകോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോകാൻ പത്ത് കിലോമീറ്ററോളം ചുറ്റണം.