ഉദിയൻകുളങ്ങര: രാജകീയ പാതയിലുണ്ടായിരുന്ന ചരിത്ര പൈതൃകങ്ങളിലുൾപ്പെട്ട കല്ലമ്പലം നാശത്തിന്റെ വക്കിൽ. കാടും വള്ളിപ്പടർപ്പുകളും മൂടി പരശുവയ്ക്കൽ പൊന്നാംകുളം ക്ഷേത്രത്തിന് മുന്നിലുള്ള കല്ലമ്പലം കാണാമറയത്തായി. ചരിത്ര പ്രാധാന്യമുള്ള ഈ കല്ലമ്പലങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. തിരുവിതാംകൂർ പദ്മനാഭപുരം കൊട്ടാരത്തിലേക്കുള്ള രാജകീയ പാതയ്ക്കിടെയുള്ള വഴിയമ്പലമാണ് നശിക്കുന്നത്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ കല്ലമ്പലം ഇപ്പോൾ പാറശാല പഞ്ചായത്തിന് കീഴിലുള്ള പരശുവയ്ക്കൽ പുന്നംകുളം വാർഡിലാണ്. അധികൃതരുടെ അനാസ്ഥ കാരണം കല്ലമ്പലം കാടുപിടിച്ച് കൽക്കെട്ടുകൾ തകർന്ന നിലയിലാണ്. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾക്ക് പിറകിലായി കല്ലമ്പലം കാടുപിടിച്ച് നശിക്കുന്നതിനെക്കുറിച്ചാണ് ആശങ്കയുമായി സാമൂഹിക പ്രവർത്തകരടക്കം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

പറയാനുണ്ട് ചരിത്രം

ചരിത്രത്തിൽ ഇടം നേടിയ പരശുവയ്ക്കൽ എന്ന സ്ഥലത്തിന് അലങ്കാരമായിട്ടുള്ള ഈ കല്ലമ്പലം ഏറെ ചരിത്രരേഖകൾ രേഖപ്പെടുത്തുന്നതായി ഇവിടെയുള്ളവർ പറയുന്നു. കൊറ്റിയാർമംഗലം ഇപ്പോഴത്തെ കൊറ്റാമം ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കങ്ങണംകച്ചേരി വഴി കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വില്പന നടത്താനുള്ള കേന്ദ്രമായിരുന്നു ഇവിടം. അവിടെ പാർവ്യത്യാർ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥനായിരുന്നു ഭരിച്ചിരുന്നത്. പരശുവയ്ക്കൽ ഭഗവതി ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട ചരിത്രവും ഇതിന് പിന്നിലുണ്ട്.

സംരക്ഷണം വേണം

ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന ഈ കല്ലമ്പലത്തിൽ കൈയേറ്റം നടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഈ കല്ലമ്പലം കാടുപിടിച്ച നിലയിൽ തുടരുകയാണ്. ഇതിനെ സംരക്ഷിക്കണമെന്ന് നിരവധി തവണ പാറശാല പഞ്ചായത്ത് അധികൃതരെയും പി.ഡബ്ല്യു.ഡി അധികൃതരെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ചരിത്ര പ്രാധാന്യമുള്ള ഈ കല്ലമ്പലം ചരിത്ര വിദ്യാർത്ഥികൾക്ക് പഠനത്തിന് അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്നാവശ്യവും ഉയരുന്നുണ്ട്.