
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഇ ബസുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ബസുകളുടെ വരവ് ചെലവ് കണക്കുകൾ യാഥാർത്ഥ്യമല്ലെന്നും ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (ടി.ഡി.എഫ്) വർക്കിംഗ് പ്രസിഡന്റ് എം. വിൻസെന്റ് എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇ ബസ് നഷ്ടമാണെന്ന മന്ത്രി ഗണേശ്‌കുമാറിന്റെ വാദത്തെ പിന്തുണയ്ക്കുന്നതാണ് പ്രതിപക്ഷ യൂണിയന്റെ ആരോപണം.
ഗുണനിലവാരം വിലയിരുത്താതെയാണ് പി.എം.ഐയുടെ 50 ബസുകൾ മാനേജ്‌മെന്റ് വാങ്ങിയത്. ബസുകളുടെ ഗുണനിലവാരം പരിശോധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവിടണം. മാനേജ്‌മെന്റ് പറയുന്നത് പ്രകാരം 6026 രൂപ ഒരു ബസ്സിന് പ്രതിദിന വരുമാനവും, 4752 രൂപ പ്രതിദിന ചെലവുമുണ്ട്. വായ്പാ തിരിച്ചടവും ബസ്സിന്റെ ബാറ്ററി മാറുന്ന ചെലവും കൂട്ടിയാൽ 4546 രൂപ അധിക ചെലവാകും. ഒരു ഇലക്ട്രിക് ബസ്സ് പ്രതിദിനം 3273 രൂപ നഷ്ടമുണ്ടാക്കുന്നുണ്ട്. 50 ബസുകൾക്ക് പ്രതിവർഷം 5.89 കോടി നഷ്ടമുണ്ടാകും- എം.വിൻസെന്റ് പറഞ്ഞു.
ജീവനക്കാരുടെ എൻ.പി.എസ്, എൻ.ഡി.ആർ, പി.എഫ് തുടങ്ങി ശമ്പളത്തിൽ നിന്നും പിടിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നില്ല പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഒന്നര വർഷമായി തടഞ്ഞു വച്ചിരിക്കുകയാണ്. നിലവിലെ മാനേജ്‌മെന്റിനെ പുറത്താക്കി ക്യത്യമായി ശമ്പളവും ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകാനുള്ള നടപടികൾ മന്ത്രി സ്വീകരിക്കണമെന്ന് ടി.ഡി.എഫ് ആവശ്യപ്പെട്ടു.