തിരുവനന്തപുരം : വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയത്തിനതീതമായി കൗൺസിലർമാർ ഒരുമിച്ച് നിൽക്കണമെന്ന് വി.ശിവൻകുട്ടി . കോർപ്പറേഷന്റെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാർ ഇടപെട്ട് ഫയലുകൾ ഒരു മേശയിൽ നിന്ന് അടുത്ത മേശയിൽ എത്തിക്കേണ്ട സ്ഥിതിയാണെന്നും ഉദ്യോഗസ്ഥർ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. വി.കെ.പ്രശാന്ത് എം.എൽ.എ, നവകേരളം കർമ്മപദ്ധതി സ്റ്റേറ്റ് കോഓർഡിനേറ്റർ ടി.എൻ.സീമ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, ബി.ജെ.പി കക്ഷി നേതാവ് എം.ആർ.ഗോപൻ, കോൺഗ്രസ് കൗൺസിൽ കക്ഷി നേതാവ് ജോൺസൺ ജോസഫ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ പാളയം രാജൻ, ഗായത്രി ബാബു, ഷാജിത നാസർ, ക്ലൈനസ് റോസാരിയോ, സി.എസ്.സുജാദേവി, മേടയിൽ വിക്രമൻ, ശരണ്യ.എസ്.എസ് എന്നിവർ പങ്കെടുത്തു.

തട്ടിക്കൂട്ടെന്ന് പ്രതിപക്ഷം

വികസന സെമിനാർ പേരിന് മാത്രം നടത്തുകയായിരുന്നുവെന്നും ഗൗരമായ ചർച്ചകളോ അവതരണങ്ങളോ നടന്നില്ലെന്നും ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഒന്നര മണിക്കൂറിനുള്ളിൽ അവതരണവും ചർച്ചയും പൂർത്തിയാക്കി സെമിനാർ അവസാനിപ്പിച്ചെന്നും പ്രതിപക്ഷം പറഞ്ഞു.