തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ റോഡ് നിർമ്മാണത്തെ പ്രതിസന്ധിയിലാക്കിയത് മുംബയ് ആസ്ഥാനമായ ജോയിന്റ് വെൻച്വർ കമ്പനി. ഈ കമ്പനിയുള്ള കരാർ റദ്ദാക്കി വീണ്ടും ടെൻഡർ വിളിച്ച് കരാർ നൽകിയതോടെയാണ് നിർമ്മാണങ്ങൾക്ക് വേഗം കൂടിയത്.

മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടാണ് വീഴ്ച വരുത്തിയ കമ്പനിയെ റിസ്‌ക് ആൻഡ് കോസ്റ്റ് വ്യവസ്ഥയിൽ പുറത്താക്കിയത്. ഇവരിൽ നിന്ന് സെക്യൂരിറ്റി തുകയായ 13 കോടി തിരിച്ചുപിടിക്കുകയും ചെയ്‌തു. പ്രത്യേകം ടെൻഡർ ക്ഷണിച്ചതിനെ തുടർന്ന് വേഗത്തിൽ കരാറുകാർ ഏറ്റെടുത്തതിന്റെ ഫലമായാണ് മാനവീയം വീഥിയും കലാഭവൻ മണി റോഡും തുറന്നത്. ബാക്കിയുള്ള റോഡുകളുടെ നിർമ്മാണം മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് നിർവഹണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ്.

2021 ഫെബ്രുവരി 11നാണ് സ്‌മാർട്ട് സിറ്റിയുടെ ഭാഗമായ തലസ്ഥാനത്തെ 63 റോഡുകൾ മുംബയിലെ എൻ.എ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്, ലാൻഡ്മാർക്ക് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ്,വിക്ടറിയോൺ പ്രോജക്ട് എന്നീ കമ്പനികളുടെ ജോയിന്റ് വെൻച്വറിന് നൽകിയത്. പിന്നാലെ കമ്പനി നഗരത്തിലെ 12 റോഡുകൾ കുഴിച്ച് ഓടയുടെ പണിയും തുടങ്ങിയതോടെ ഗതാഗത പ്രശ്‌നമായി.

എന്നാൽ പണികൾ തുടങ്ങിവച്ചതല്ലാതെ മുന്നോട്ട് നീങ്ങിയിരുന്നില്ല. കമ്പനി കേരളത്തിൽ സബ് കോൺട്രാക്ട് നൽകുകയും ചെയ്‌തു. പി.ഡബ്ല്യു.ഡി ലൈസൻസ് പോലുമില്ലാത്ത ബിനാമികളാണ് കോൺട്രാക്ട് ഏറ്റെടുത്തവരിൽ ഏറെയുമെന്നതാണ് പ്രതിസന്ധിയായത്. എന്നാൽ കമ്പനിയെ പുറത്താക്കാനുള്ള ഉദ്യോഗസ്ഥതല ശ്രമങ്ങൾ ഫലം കണ്ടില്ല. കരാറുകാരെയും ബിനാമികളെയും സംരക്ഷിക്കാൻ ഉന്നതതല നീക്കമുണ്ടായതോടെ മന്ത്രി റിയാസ് നേരിട്ട് ഇടപെട്ടു. തുടന്ന് 2022 സെപ്‌തംബർ 29ന് കമ്പനിയുടെ കരാർ റദ്ദാക്കി. തുടർന്ന് ഓരോ റോഡും പ്രത്യേകം ടെൻഡറാക്കി.

ഇതോടൊപ്പം ഇലട്രിക്,സിവിൽ എന്നിങ്ങനെ പ്രവർത്തികളെ തരംതിരിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് നിർമ്മാണത്തിന് ജീവൻ വച്ചത്. മാനവീയം വീഥിയും കലാഭവൻ മണി റോഡും പുതിയ ടെൻഡർ പ്രകാരമാണ് വേഗത്തിൽ പൂർത്തിയായത്. മന്ത്രി നേരിട്ടാണ് ഇപ്പോൾ നിർമ്മാണ പുരോഗതി പരിശോധിക്കുന്നത്. പ്രതിമാസം അവലോകനയോഗങ്ങളും നടത്തുന്നുണ്ട്.

ഇതോടൊപ്പം 28 റോഡുകളിൽ 21എണ്ണത്തിന്റെ ഡിസി ഓവർ ലേ പ്രവർത്തികൾ പൂർത്തിയായി. അവശേഷിക്കുന്നവ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതോടെ സ്‌മാർട്ട് സിറ്റിയുടെ ഭാഗമായി കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത നഗരത്തിലെ റോഡ് നിർമ്മാണം ഭൂരിഭാഗവും പൂർത്തിയാകും.