തിരുവനന്തപുരം: ചർച്ച് ഒഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ) ദക്ഷിണ കേരള മഹായിടവകയുടെ ആത്മീയസംഗമമായ തിരുവനന്തപുരം കൺവെൻഷൻ ആരംഭിച്ചു. ഇന്നലെ പാളയം എൽ.എം.എസ് കോമ്പൗണ്ടിൽ സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് ഡോ. റൂബെൻ മാർക്ക് ഉദ്ഘാടനം ചെയ്തു. ആത്മീയ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാനാണ് കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
മോഡറേറ്റേഴ്‌സ് കമ്മിസറിയും ചെയർമാനുമായ ബിഷപ്പ് വി.എസ്.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ. ജയരാജ്, മഹായിടവക സെക്രട്ടറിയും ജനറൽ കൺവീനറുമായ ഡോ. ടി.ടി. പ്രവീൺ, കൺവീനർ ഡോ.പ്രിൻസ്റ്റൺ ബെൻ എന്നിവർ സംസാരിച്ചു.
വൈകിട്ട് 5.30 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ. വേദപുസ്തക പാരായണം,ഗാനശുശ്രൂഷ,പ്രത്യേക സമ്മേളനങ്ങൾ തുടങ്ങിയ കൺവെൻഷന്റെ ഭാഗമായി നടക്കും. ചർച്ച് ഒഫ് നോർത്ത് ഇന്ത്യ മോഡറേറ്റർ ബിജയ് കുമാർ നായക് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് (ചെന്നൈ-ബാംഗ്ലൂർ, മലേഷ്യ-സിംഗപ്പുർ ഇടവക), ഡോ.ഡി.ജെ.അജിത് കുമാർ (ജനറൽ സെക്രട്ടറി,സി.എൻ.ഐ), ഡോ.ജോൺ സാമുവേൽ പൊന്നുസ്വാമി (മുൻ പ്രിൻസിപ്പൽ,ഗുരുകുൽ തിയോളജിക്കൽ കോളേജ്, ചെന്നൈ), ഡോ.കെ.തോമസ് (ഡയറക്ടർ,എഫ്.ഇ.ഇ.ഡി, മാർത്തോമ കൊട്ടാരക്കര-പുനലൂർ ഇടവക) എന്നിവർ കൺവെൻഷനിൽ ദൈവവചന സന്ദേശം നൽകും.
വെള്ളറട,തിരുവവനന്തപുരം,വട്ടപ്പാറ,കാട്ടാക്കട,പേയാട്,നെടുമങ്ങാട്,നെയ്യാറ്റിൻകര,ബാലരാമപുരം,പെരുങ്കടവിള, പാറാശാല,കാഞ്ഞിരംകുളം,വെള്ളനാട് എന്നീ മേഖലകളിൽ നിന്നുള്ളവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന കൺവെൻഷൻ ഫെബ്രുവരി 4ന് സമാപിക്കും.