
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്ത് സി.പി.എം കേന്ദ്ര കമ്മിറ്റി. രാജ്യത്ത് നിലവിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ മഹാസഖ്യത്തിലെ പോരായ്മകളും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ചു.
നിതീഷ് കുമാർ പ്രതിപക്ഷ സഖ്യം വിട്ട് ബി.ജെ.പി സഖ്യത്തിൽ ചേർന്നത് കോൺഗ്രസിന്റെ പിടിപ്പുകേടാണ് . ഇന്ത്യ മുന്നണിയിൽ നിതീഷ് കുമാറിനെ കൺവീനറാക്കണമെന്ന സി.പി.എം നിലപാട് താൻ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ഗൗരവമായി കാണാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഈ സാഹചര്യം ബി.ജെ.പി മുതലാക്കിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സ്ഥിതിഗതികളും തിരഞ്ഞെടുപ്പു സംവിധാനവും ഇന്നലെ ചേർന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു. പാർട്ടിക്കും പ്രതിപക്ഷ കക്ഷികൾക്കും സ്വാധീനമുള്ള മേഖലകളിൽ സീറ്റുകൾ നേടാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്യണം, ചർച്ചകൾക്ക് നേതൃത്വം നൽകണം. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നിന്നും പരമാധി സീറ്റുകൾ നേടിയാൽ മാത്രമേ ദേശീയ തലത്തിൽ പാർട്ടിക്കു പിടിച്ചു നിൽക്കാനാവൂ. ഇത് ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ കേരളത്തിലെ പാർട്ടി ശ്രദ്ധിക്കണം. തമിഴ്നാട്ടിലെ ചില സീറ്റുകളിൽ ഡി.എം.കെയുമായി സഖ്യത്തിലായാൽ വിജയിക്കാനാകും. ബംഗാളിലും ത്രിപുരയിലും സീറ്റുകൾ നേടണം. ഇതിനായി പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടി ആവിഷ്‌കരിക്കണം തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തത്. യോഗത്തിനു മുൻപായി ഇന്നലെ പാർട്ടി പോളിറ്റ് ബ്യൂറോ യോഗവും ചേർന്നു.
ഇന്നും നാളെയും കേന്ദ്ര കമ്മിറ്റി യോഗം തുടരും.