തിരുവനന്തപുരം: മന്ത്രിയായിരുന്നപ്പോൾ രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും നിപ, കൊവിഡ് തുടങ്ങിയ ആപത് ഘട്ടങ്ങളിൽ മാദ്ധ്യമങ്ങൾ ഒറ്റക്കെട്ടായി ഒപ്പം നിന്നെന്ന് കെ.കെ.ശൈലജ എം.എൽ.എ. തലസ്ഥാനത്ത് ഇ.സോമനാഥ് ഫ്രെറ്റേണിറ്റിയും കേരള മീഡിയ അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച സോമനാഥ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈലജ.
നിപയെയും കൊവിഡിനെയും പ്രതിരോധിക്കുന്നതിൽ മാദ്ധ്യമങ്ങൾ നൽകിയ പിന്തുണ വിസ്മരിക്കാനാകില്ല. സർക്കാരിന്റെ നിർദ്ദേശങ്ങൾ ജനങ്ങളോട് ഉറക്കെ വിളിച്ചു പറഞ്ഞത് മാദ്ധ്യമങ്ങളാണ്. അതാണ് പ്രതിരോധം സാദ്ധ്യമാക്കാനായത്. അല്ലെങ്കിൽ ജനസാന്ദ്രതയും പ്രായമായവരും കൂടുതലുള്ള സമൂഹത്തിൽ ഈ മഹാമാരികൾ ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമായിരുന്നു. നിപ, കൊവിഡ് കാലങ്ങളിൽ പുലർച്ചെ യോഗങ്ങൾ അവസാനിക്കുന്നതു വരെ മാദ്ധ്യമങ്ങൾ കാത്തുനിന്നു. അത്രമാത്രം ആത്മാർത്ഥമായ പ്രവർത്തനമാണ് കാഴ്ചവച്ചത്.
മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഡോ.എം.വി.പിള്ള, കവി പ്രഭാവർമ്മ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു തുടങ്ങിയവർ സംസാരിച്ചു.