
പോത്തൻകോട്: നിർമ്മാണം പൂർത്തിയാക്കി രണ്ടുവർഷം കഴിഞ്ഞിട്ടും ഉളിയാഴ്‌ത്തുറ വില്ലേജ് ഓഫീസ് കെട്ടിടം ഇനിയും തുറന്നു നൽകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. വിസ്‌തൃതിയിൽ കേരളത്തിലെ ഏറ്റവും വലിയ വില്ലേജുകളിലൊന്നാണിത്. വില്ലേജിന്റെ മദ്ധ്യഭാഗത്ത് മുമ്പ് പ്രവർത്തിച്ച അതേ സ്ഥലത്തു തന്നെയാണ് പുതിയ ഓഫീസ് കെട്ടിടവും നിർമ്മിച്ചത്.
പൗഡിക്കോണത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ് വർഷങ്ങളായി ജീർണിച്ച കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചു. കെട്ടിട നിർമ്മാണം ആരംഭിച്ചതോടെ വില്ലേജ് ഓഫീസ് രണ്ട് കിലോമീറ്ററിന് അപ്പുറത്തെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ സ്ഥലസൗകര്യമില്ലാത്ത ഇവിടെ ജനങ്ങളും ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുകയാണ്.
60 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ തടസമെന്തെന്നാണ് നാട്ടുകാരുടെയും സ്ഥലത്തെ റസിഡന്റസ് അസോസിയേഷൻ ഭാരവാഹികളുടെയും ചോദ്യം. ഉളിയാഴ്‌ത്തുറ വില്ലേജ് ഓഫീസിന്റെ നിർമ്മാണം ആരംഭിച്ചശേഷം നിർമ്മാണം തുടങ്ങിയ പല വില്ലേജ് ഓഫീസ് കെട്ടിടങ്ങളും ഇതിനോടകം പണികൾ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി നാട്ടുകാർ പറയുന്നു. കെട്ടിടം ഉദ്ഘാടനം നടത്തി ഉടൻ പ്രവർത്തന സജ്ജമാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് സ്ഥലവാസിയും സാമൂഹ്യപ്രവർത്തകനുമായ പൗഡിക്കോണം സരസൻ ആവശ്യപ്പെട്ടു.