
വിതുര: പോസ്റ്റ് ഓഫീസിന് സമീപം വിതുര ഗവൺമെന്റ് യു.പി.എസിന് കീഴിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടി സ്മാർട്ട് അങ്കണവാടിയൊരുങ്ങും.ഐ.സി.ഡി.എസിന്റെയും തദ്ദേശവകുപ്പിന്റെയും ഫണ്ടുപയോഗിച്ചാണ് അങ്കണവാടിയുടെ നിർമ്മാണം.വർഷങ്ങൾക്ക് മുൻപ് ഗവൺമെന്റ് യു.പി.എസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് അങ്കണവാടി നിർമ്മിക്കുന്നത്.യു.പി.എസ് ഗവൺമെന്റ് താലൂക്ക് ആശുപത്രി ജംഗ്ഷനിലേക്ക് മാറ്റിയതോടെ ഇവിടം കാട് മൂടി,ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും വിഹാരകേന്ദ്രമായി മാറി.സ്ഥലം കാട്മൂടിയത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്ന് ചേന്നൻപാറ വാർഡ്മെമ്പർ പ്രശ്നത്തിൽ ഇടപെടുകയും സ്മാർട്ട് അങ്കണവാടിക്കായി സ്ഥലമനുവദിപ്പിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുകയുമായിരുന്നു.അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് നിർവ്വഹിച്ചു.ചേന്നൻപാറ വാർഡ് മെമ്പർ മാൻകുന്നിൽ പ്രകാശ്,ചെറ്റച്ചൽ വാർഡ് മെമ്പർ ജി.സുരേന്ദ്രൻനായർ,യു.പി.എസ് പി.ടി.എ പ്രസിഡന്റ് എസ്.സഞ്ജയൻ,പഞ്ചായത്ത് സെക്രട്ടറി ഷിബുപ്രണാബ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജിതാമാത്യു,പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ പി.വി.സുധ എന്നിവർ പങ്കെടുത്തു.