arun

കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. മണമ്പൂർ എം.എൽ.എ പാലത്തിനു സമീപം അമ്പലത്തിൻപണ പൊയ്കവിള വീട്ടിൽ കൃഷ്ണൻകുട്ടിയുടെയും ബീനയുടെയും മകൻ അരുൺ (28) ആണ് മരിച്ചത്. അരുണിന്റെ ബന്ധുവായ പൊയ്കവിള വീട്ടിൽ ചന്തു (34) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി 7.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്കുപോയ കാറും പാരിപ്പള്ളി ഭാഗത്തേക്കുള്ള ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കൊല്ലത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്ത് തട്ടി തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അരുൺ രാത്രി 11.30 ന് മരണത്തിനു കീഴടങ്ങി. സഹോദരി: അർച്ചന.