vd-satheeshan

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തെച്ചൊല്ലി നിയമസഭയിൽ വീണ്ടും തർക്കം. മരുന്നില്ലെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് മന്ത്രി വീണ ജോർജ് ആവർത്തിച്ചപ്പോൾ, മന്ത്രി മാത്രമാണ് മരുന്നുണ്ടെന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു

. മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മരുന്നു സംഭരണ സംവിധാനങ്ങളെക്കുറിച്ചാണ് മന്ത്രി വിശദീകരിക്കുന്നതെന്നും എന്നാൽ ഈ സംവിധാനം ഒന്നടങ്കം പരാജയപ്പെട്ടെന്നും സതീശൻ ആരോപിച്ചു. മരുന്നു ക്ഷാമം യു.ഡി.എഫ് കാലത്തായിരിക്കുമെന്ന മന്ത്രിയുടെ ആക്ഷേപം പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി.

സതീശന്റെ

ആരോപണം :

67 ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ 62826 സാഹചര്യങ്ങളിൽ മരുന്നുകൾ ലഭ്യമായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 1745 ദിവസം വരെ അവശ്യമരുന്നുകൾ ലഭ്യമല്ലാതിരുന്ന ആശുപത്രികളുണ്ട്. 4732 മരുന്നുകൾക്ക് ആശുപത്രികൾക്ക് ഇൻഡെന്റ് നൽകിയെങ്കിലും 536 മരുന്നുകൾക്ക് മാത്രമാണ് ഓർഡർ നൽകിയത്. ഓർഡർ നൽകിയാൽ 60 ദിവസത്തിനകം മരുന്ന് ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഓർഡർ ചെയ്തവയിൽ 81 ശതമാനം മരുന്നുകളും സമയപരിധിക്കുള്ളിൽ ലഭിച്ചില്ല. കിട്ടാൻ 988 ദിവസം വരെ കാലതാമസമുണ്ടായ മരുന്നുകളുമുണ്ട്. കാലാവധി കഴിഞ്ഞ് കത്തിച്ചു കളയേണ്ട മരുന്നുകൾ വരെ ആശുപ്രത്രികളിൽ വിതരണം ചെയ്തവയിൽ ഉൾപ്പെട്ടു.

മന്ത്രിയുടെ

മറുപടി:


സി.എ.ജിയുടേത് പ്രാഥമിക കണ്ടെത്തലുകളാണ്.എ.ജി സർക്കാറിനോട് വിശദാംശങ്ങൾ ആരാഞ്ഞു. വസ്തുതകൾ നിരത്തി ആരോഗ്യ വകുപ്പ് മറുപടിയും നൽകി. ഇത് പരിഗണിച്ചുള്ള സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ. 2015-2016 കാലയളവിൽ സർക്കാർ ആശുപത്രികളിലെ മരുന്ന് വിതരണത്തിനായി ആകെ ചെലവഴിച്ചത് 256 കോടിയാണ്. എന്നാൽ 202324 സാമ്പത്തിക വർഷം ജനുവരി വരെ 554 കോടിയാണ് ചെലവിട്ടത്. താൻ പറയുന്നത് പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഉദ്യോഗസ്ഥരുടെ കണക്കല്ല. നേരിട്ട് അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തതിൽ ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ്. സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രികളിൽ പ്രതിസന്ധിയിലാണെന്ന് വരുത്താനാണ് ഇത്തരം പ്രചാരണങ്ങൾ.