
മലബാർ മേഖലയിൽ നിന്ന് ഇക്കുറി ഹജ്ജിനു പോകാൻ തിരഞ്ഞെടുക്കപ്പെട്ടവർ വല്ലാത്തൊരു വിവേചനം നേരിടേണ്ടിവന്നിരിക്കുന്നു. വിമാന ടിക്കറ്റ് നിരക്കിൽ വന്നിരിക്കുന്ന ഭീമമായ വർദ്ധനയാണത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിമാനം പിടിക്കേണ്ടിവരുന്നവർ മറ്റു വിമാനത്താവളങ്ങളിൽ നിന്നു പോകുന്നവർ നൽകേണ്ടിവരുന്ന നിരക്കിലും വളരെ ഉയർന്ന തുക കണ്ടെത്തേണ്ടിവരുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
കോഴിക്കോട്ടു നിന്നുള്ള ഹജ്ജ് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള കരാർ എടുത്തിരിക്കുന്നത് എയർ ഇന്ത്യയാണ്. പൊതുമേഖലയിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് വിലയ്ക്കെടുത്ത എയർ ഇന്ത്യയുടെ ഹജ്ജ് നിരക്ക് 1,65,000 രൂപയാണത്രെ. സംസ്ഥാനത്തെ മറ്റു വിമാനങ്ങളിലെ നിരക്കാകട്ടെ 1.21 ലക്ഷം മുതൽ 1.22 ലക്ഷം വരെയാണ്. സംസ്ഥാനത്തെ മൊത്തം ഹജ്ജ് അപേക്ഷകർ ഇരുപത്തിനാലായിരത്തിൽപ്പരമാണ്. അവരിൽ പതിനാലായിരം പേരും കോഴിക്കോട്ടു നിന്നു വിമാനം കയറാൻ താത്‌പര്യം രേഖപ്പെടുത്തിയവരുമാണ്. കരിപ്പൂർ വിമാനത്താവളം നിലവിൽ വന്ന കാലം മുതൽ മലബാറിൽ നിന്നുള്ള മുഴുവൻ ഹജ്ജ് തീർത്ഥാടകരും ഇവിടെ നിന്നാണ് പുറപ്പെട്ടിരുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ കുറച്ചുകാലം ഇവിടെ നിന്നുള്ള ഫ്ളൈറ്റുകൾ നിറുത്തിവച്ചിരുന്ന വർഷങ്ങളിൽ മാത്രമാണ് തീർത്ഥാടകർക്ക് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവന്നത്.
കണ്ണൂരിൽ നിന്നോ കൊച്ചിയിൽ നിന്നോ ഹജ്ജ് യാത്രയ്ക്കൊരുങ്ങുന്നവർ നൽകേണ്ടിവരുന്ന ടിക്കറ്റ് നിരക്കിനെക്കാൾ മുക്കാൽ ലക്ഷത്തിലധികം രൂപ കരിപ്പൂർ വിമാനത്താവളം തിരഞ്ഞെടുത്തവർ നൽകേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. യഥാർത്ഥ നിരക്കുകൾ എത്രയെന്ന് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേതിനെക്കാൾ നിരക്കിൽ വൻ വർദ്ധന ഉണ്ടാകുമെന്നാണു സൂചന. ഒറ്റനോട്ടത്തിൽത്തന്നെ വിവേചനപരമായ നടപടിയാണ് എയർ ഇന്ത്യയുടേതെന്ന് വ്യക്തമാണ്. വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്കെതിരെ യാത്രക്കാരിൽ നിന്ന് പരാതി ഉയരുന്ന ഘട്ടങ്ങളിലെല്ലാം കൈമലർത്താറുള്ള കേന്ദ്ര സർക്കാർ ഹജ്ജ് തീർത്ഥാടകരുടെ രക്ഷയ്ക്ക് എത്തുമോ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. അതൊക്കെ വിമാന കമ്പനികളുടെ ഇഷ്ടത്തിനു വിടുക എന്നതാണ് പൊതുവേയുള്ള നയം.
കരിപ്പൂരിൽ നിന്നുള്ള ഉയർന്ന വിമാന നിരക്ക് കുറയ്ക്കാൻ തയ്യാറാവുന്നില്ലെങ്കിൽ തീർത്ഥാടകരിൽ നല്ലൊരു പങ്ക് മറ്റു വിമാനത്താവളങ്ങൾ തേടിപ്പോകാൻ നിർബന്ധിതരാകും. വികസന പാതയിൽ മുന്നേറുന്ന കരിപ്പൂർ വിമാനത്താവളത്തിനു തന്നെ ഭാവിയിൽ അത് തിരിച്ചടിയാവുകയും ചെയ്യും. പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന പഴമൊഴി അനുസ്മരിപ്പിക്കുന്നതാണ് വിമാന കമ്പനികളുടെ നയം. തിരക്ക് കൂടുന്ന സന്ദർഭങ്ങളിലെല്ലാം ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയാക്കുന്നതു സാധാരണമാണ്. ഉത്സവനാളുകളിലെ വിമാന നിരക്കുകൾ പത്തുമടങ്ങുവരെ ഉയർത്തിയാലും നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടാറില്ല.
കണക്കിൽക്കൂടുതൽ പണമുള്ളവർ ഇത്തരം സന്ദർഭങ്ങളിൽ യാത്ര ചെയ്താൽ മതിയെന്നു സമാധാനിക്കാം. എന്നാൽ ഹജ്ജ് തീർത്ഥാടകരെ ഒരിക്കലും ഈ ഗണത്തിൽ പെടുത്താനാവില്ല. മുസ്ളിമായി പിറന്ന ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ അഭിലാഷമാണ് ഒരിക്കലെങ്കിലും ഹജ്ജ് അനുഷ്ഠിക്കുകയെന്നത്. ഹജ്ജിനു പോകുന്നവരിൽ നല്ലൊരു ഭാഗം സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരൊന്നുമല്ല. സാധാരണക്കാരാണ് അധികവും. അവരെ നിർദ്ദയം കൊള്ളയടിക്കാനൊരുങ്ങുന്ന വിമാന കമ്പനികളെ തടയേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണ്. ഇതുസംബന്ധിച്ച് സംസ്ഥാനത്തു നിന്നുള്ള മുസ്ളിം സംഘടനകളും ജനപ്രതിനിധികളും ഇതിനകം കേന്ദ്രത്തിന് നിവേദനം നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണവർ. തീരുമാനം പുറത്തുവന്നിട്ടുവേണം ടിക്കറ്റ് ഉറപ്പാക്കി യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങാൻ.