kn-balagopal

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നയമെന്നും കേന്ദ്രസർക്കാർ അതിന് പ്രതിസന്ധിയുണ്ടാക്കുകയാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പെൻഷൻ മുടങ്ങാതെ നൽകാൻ പണം കണ്ടെത്താൻ പ്രത്യേക കമ്പനിയുണ്ടാക്കി. എന്നാൽ, അങ്ങനെയുള്ള കടം സംസ്ഥാനത്തിന്റെ പൊതുവായ്പയിൽ പെടുത്തി കേന്ദ്രം സാമൂഹ്യസുരക്ഷാപെൻഷൻ കമ്പനിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി. അതോടെയാണ് പെൻഷൻ കുടിശ്ശികയാകുന്ന സാഹചര്യമുണ്ടായത്. കേന്ദ്രസർക്കാരിന്റെ ഇത്തരം കേരളവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനം നിയമപരമായും ജനാധിപത്യമാർഗ്ഗത്തിലൂടെയും പോരാടുകയാണ്. പക്ഷേ, പ്രതിപക്ഷം കൂടെ നിൽക്കുന്നില്ല-മന്ത്രി പറഞ്ഞു.

കോഴിക്കോട് ജോസഫ് ആത്മഹത്യ ചെയ്തത് ക്ഷേമപെൻഷൻ കിട്ടാതെയാണെന്നത് പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണയാണ്. ഡിസംബറിലും ക്ഷേമപെൻഷൻ വാങ്ങിയയാളാണ് ജോസഫ് എന്നാണ് രേഖകളിലുള്ളത്. ഓണക്കാലത്ത് 6400രൂപയും തൊഴിലുറപ്പ് പദ്ധതിയിലൂടെ 28,000രൂപയും കിട്ടിയിട്ടുണ്ട്. ജോസഫിന്റെ ദയനീയ സ്ഥിതി മനസിലാക്കി അദ്ദേഹത്തെയും കുടുംബത്തെയും പാർട്ടി അതിദരിദ്ര പട്ടികയിലുൾപ്പെടുത്തി പുനരുദ്ധാരണപ്രവർത്തനം നടത്തിവരികയാണ്. അതിനിടയിലാണ് ആത്മഹത്യയുണ്ടായത്.

സാമൂഹ്യക്ഷേമപെൻഷൻ വിതരണത്തിൽ ഈ സർക്കാരിന് വീഴ്ചയില്ല.എന്നാൽ മുൻ യു.ഡി.എഫ് സർക്കാർ 18മാസം കുടിശ്ശിക വരുത്തി.അവർ 9011കോടി രൂപ മാത്രമാണ് അഞ്ചുവർഷക്കാലം കൊണ്ട് നൽകിയതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.