governor

തിരുവനന്തപുരം:നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഗവർണറോട് ഒരു നന്ദിയുമില്ല.നയപ്രഖ്യാപനം 84 സെക്കൻഡിൽ ഗവർണർ അവസാനിപ്പിച്ചതിലുള്ള ഭരണപക്ഷത്തിന്റെ രോഷമാണ് സഭയിൽ ഇന്നലെ കണ്ടത്. പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചതിനാൽ അവരുടെ വിമർശനത്തിന് ഗവർണർ ഇരയായില്ല. മൂന്ന് ദിവസമാണ് സഭയിൽ നന്ദിപ്രമേയ ചർച്ച.

സർക്കാരുമായി രസത്തിലല്ലാത്ത ഗവർണർ നയപ്രഖ്യാപനത്തിന്റെ ആമുഖവും അവസാനഭാഗവും വായിച്ച് വിടുകയായിരുന്നു. കഴിഞ്ഞ ദിവസം നിലമേലിൽ ഗവർണർ റോഡരുകിൽ ഇരുന്ന് പ്രതിഷേധിച്ചതും ഭരണപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

നിലമറന്ന് നിലത്തിരുന്ന് എന്ത് നെറികേട് കാട്ടിയാലും ഗവർണറുടെ പ്രസംഗത്തിന് നന്ദിപ്രമേയം അവതരിപ്പിക്കാൻ സഭ ബാധ്യസ്ഥമാണെന്ന് പറഞ്ഞുകൊണ്ടാണ് സി.പി.ഐയുടെ ഇ.ചന്ദ്രശേഖരൻ നന്ദിപ്രമേയം അവതരിപ്പിച്ചത്. ഗവർണർ പദവി ബ്രിട്ടീഷ് ഭരണസംവിധാനത്തിന്റെ സൃഷ്ടിയാണെന്നും അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

സി.പി.എമ്മിൽ നിന്ന് ആദ്യം സംസാരിച്ച മുൻമന്ത്രി കെ.കെ.ശൈലജ ഗവർണറെ അതിരൂക്ഷമായി പരിഹസിച്ചു. കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണമാണ്. പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാർത്ഥ ഭാഷ ഉപയോഗിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
ഗവർണർ മാമുക്കോയയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുകയാണ്. ഹാസ്യ ഗുണ്ടാ കഥാപാത്രത്തെ (കീലേരി അച്ചു) ഓർമ്മിപ്പിക്കുന്നു. ഗവർണർ ഇങ്ങനെ തരംതാഴരുത്. എന്താണ് നഷ്ടപ്പെട്ടതെന്ന് ബംഗാളിലും ത്രിപുരയിലും ഇപ്പോൾ ജനങ്ങൾക്കറിയാം. അത് കേരളത്തിൽ സംഭവിക്കില്ലെന്നും ശൈലജ പറഞ്ഞു.

മഹത്തായ കേരളത്തെ തകർക്കാൻ പത്മവ്യൂഹം പ്രവർത്തിക്കുന്നുണ്ടെന്നും ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ ജഗതിയുടെ കഥാപാത്രമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്നും അഴീക്കോട് നിന്നുള്ള അംഗം കെ.വി.സുമേഷ് കുറ്റപ്പെടുത്തി. പിണറായി വിജയനാണ് കേരളത്തിന്റെ ഗ്യാരന്റിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത് ഗവർണർ ചെയ്യുകയാണ്. കോൺഗ്രസിനും പ്രതിപക്ഷത്തിനും സർക്കാരിനെതിരെ പറയാനിപ്പോൾ ഒന്നുമില്ലെന്ന് മാത്യു ടി.തോമസ് പറഞ്ഞു.

പി.ബാലചന്ദ്രൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ,പി.നന്ദകുമാർ,സേവ്യർ ചിറ്റിലപ്പള്ളി, കെ.ഡി.പ്രസേനൻ,ദലീമ,ഐ.ബി.സതീഷ്, കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ജി.എസ്.ജയലാൽ തുടങ്ങിയവരും സംസാരിച്ചു.