vd-satheeshan

തിരുവനന്തപുരം: അമ്പത് ലക്ഷത്തോളം പേർക്ക് അഞ്ചു മാസമായുള്ള ക്ഷേമപെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളവും ബഹിഷ്‌കരണവും. ധൂർത്തും അഴിമതിയുമാവരുത് സർക്കാരിന്റെ മുൻഗണനയെന്നും ഫെബ്രുവരി ആദ്യവാരം തന്നെ പെൻഷൻ നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമായ മറുപടി നൽകിയില്ല. ഇതേത്തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. പ്ലക്കാർഡുകളുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കർക്ക് മുന്നിലെത്തി ബഹളം തുടർന്നു. പ്രതിപക്ഷ ബഹളത്തിനിടെ ശ്രദ്ധക്ഷണിക്കലും ശൂന്യവേളയും മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കി ഗവർണറുടെ നന്ദിപ്രമേയ പ്രസംഗത്തിന്മേലുള്ള ചർച്ചയിലേക്ക് കടന്നു. സി.പി.ഐ നിയമസഭാ കക്ഷിനേതാവ് ഇ.ചന്ദ്രശേഖരന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

5മാസമായി പെൻഷൻ കിട്ടാത്തതിനാൽ കോഴിക്കോട് ചക്കിട്ടപ്പാറയിൽ ജോസഫ് ആത്മഹത്യ ചെയ്തത് ചൂണ്ടിക്കാട്ടി കോൺഗ്രസിലെ പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. ക്ഷേമപെൻഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും .വിഷ്ണുനാഥ് പറഞ്ഞു. പാവങ്ങൾക്ക് ക്ഷേമപെൻഷൻ നേടിക്കൊടുക്കും വരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

എന്നാൽ ,ക്ഷേമപെൻഷൻ കിട്ടാത്തത് മാത്രമാണ് ജോസഫിന്റെ മരണത്തിന് കാരണമെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നവംബറിലും ഡിസംബറിലും ജോസഫ് പെൻഷൻ വാങ്ങി. തൊഴിലുറപ്പ് കൂലിയും പെൻഷനും ചേർത്ത് ഒരു വർഷം 52400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 23958കോടി രൂപയാണ് പെൻഷൻ കൊടുത്തത്. 7വർഷത്തിനിടെ 59112കോടി പെൻഷനായി ചെലവിട്ടു. പെൻഷൻ കമ്പനിക്ക് 57400കോടി കടമുണ്ടായിരുന്നത് കൊടുത്തുതീർത്തു. 11,000കോടി മാത്രമാണ് നിലവിലെ കടം. പെൻഷൻ കൃത്യമായി കൊടുക്കും. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള പണത്തിൽ വലിയ കുറവു വന്നതാണ് പ്രശ്നമെന്നും ബാലഗോപാൽ പറഞ്ഞു.