
തിരുവനന്തപുരം: അയോദ്ധ്യാ കേസിൽ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്.വൈദ്യനാഥനെ കേരള സർക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയത് എക്സാലോജിക് ഇടപാട് മുഖ്യമന്ത്രിക്കു പേടിസ്വപ്നമായപ്പോഴാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആരോപിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല.
സുരക്ഷിതത്വം ഉറപ്പാക്കാൻ സംഘപരിവാർ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോൾ മുഖമന്ത്രി. സുപ്രീംകോടതിയിൽ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സ്റ്റാന്റിംഗ് കൗൺസൽ ഉള്ളപ്പോഴാണ് മുതിർന്ന അഭിഭാഷകന് വേണ്ടി 25 ലക്ഷം മുടക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രീതിനേടാൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന കാര്യം സൗകര്യപൂർവം പിണറായി വിസ്മരിച്ചു. പ്രധാനമന്ത്രിയുടെ മുൻപിൽ നട്ടെല്ല് വളച്ച് ഭയഭക്തി ബഹുമാനത്തോടെ കൈകൂപ്പിയുള്ള ആ നിൽപ്പ് കേരളം ഉടനെയൊന്നും മറക്കില്ലെന്നും സുധാകരൻ പറഞ്ഞു.