k

കൊഴി കയ്യിൽ കിട്ടിയവരെല്ലാം ഊക്കോടെ എറിയുന്ന പ്രതീതിയായിരുന്നു ഇന്നലെ നിയമസഭയിൽ. ഗവർണറുടെ നയപ്രഖ്യാപനം കഴിഞ്ഞ് മൂന്നു ദിവസത്തെ ഇടവേള കിട്ടിയതിനാൽ സാമാജികർക്ക് ചർച്ചയിൽ പങ്കെടുക്കാൻ നല്ല തയ്യാറെടുപ്പു നടത്താനായി, അതിന്റെ ഫലം കാണാനുമായി. ഗവർണർക്കും പ്രതിപക്ഷത്തിനും കോൺഗ്രസിനും നേർക്ക് മാറിയും തിരിഞ്ഞുമുള്ള ക്രൂരമായ കാളിയ മർദ്ദനമാണ് പലരും നടത്തിയത്. സഭയിലില്ലാത്ത രാഹുൽഗാന്ധിയും കെ.സുധാകരനും വരെ പരാമർശങ്ങളിലെ കഥാപാത്രങ്ങളായി.

ക്ഷേമപെൻഷനുകൾ മുടങ്ങുന്നതിനെക്കുറിച്ച് സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് , ഉച്ചാരണ സ്ഫുടതയോടെയും കണക്കുകളുടെ പിൻബലത്തോടെയും കാര്യങ്ങൾ വിശദമാക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്ന ഭരണപക്ഷ വാദത്തിന്റെ ചീട്ടുകീറിയായിരുന്നു വിഷ്ണുനാഥിന്റെ പ്രസംഗം. വാളുംപരിചയും വാരിക്കുന്തവും എടുത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിഷ്ണുനാഥിനെ പ്രതിരോധിച്ചു. പിന്നീട് എല്ലാം പതിവ് കലാപരിപാടികൾ. പ്ളക്കാർഡ്, മുദ്രാവാക്യം, ഒടുവിൽ ബഹിഷ്കരണം.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ച ഇ. ചന്ദ്രശേഖരനാണ് ഗവർണർക്കെതിരായ ആക്രമണത്തിന് തുടക്കമിട്ടത്. നിലയറിയാതെ നിലമേലെത്തി, നിലത്തിരുന്ന ഗവർണറുടെ നടപടി പ്രാസഭംഗിയിലാണ് ചന്ദ്രശേഖരൻ അവതരിപ്പിച്ചത്. ഗവർണർ പദവി കൊളോണിയൽ വ്യവസ്ഥയുടെ ഭാഗമാണെന്നും ഭരണഘടനാ ഭേദഗതി വരുത്തി പദവി ഒഴിവാക്കേണ്ടതാണെന്നും കൂടി കടുപ്പിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് തൃപ്തിയായത്.

സഭയിലുള്ളവരെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നന്ദിപ്രമേയത്തിന്മേലുള്ള ചർച്ച കെ.കെ.ശൈലജ തുടങ്ങിവച്ചത്. എസ്.എഫ്.ഐക്കാർ നടത്തുന്ന പ്രതിഷേധം തീർത്തും അനിവാര്യമാണെന്ന മട്ടിൽ ന്യായീകരിച്ച് തുടങ്ങിയ ശൈലജ,​ ഒരു സിനിമയിൽ മാമുക്കോയ അവതരിപ്പിക്കുന്ന ഹാസ്യ ഗുണ്ടയെയാണ് ഗവർണറുടെ പെരുമാറ്റം കാണുമ്പോൾ ഓർമ്മവരുന്നതെന്നും പറഞ്ഞു. സിനിമയുടെ പേരു താൻ പറയുന്നില്ലെന്ന് അവർ വിശദീകരിച്ചെങ്കിലും അശരീരി പോലെ തൊട്ടടുത്തു നിന്ന് കേട്ടു 'കീലേരി അച്ചു'വെന്ന്. തന്റെ നർമ്മം മർമ്മത്തു കൊണ്ടതിൽ ശൈലജയ്ക്കും പാൽപ്പായസം കുടിച്ച സന്തോഷം. വലിയ പദവിയിലിരിക്കുന്നവർ ഇങ്ങനെ താഴാൻ പാടില്ലെന്നും ഉപദേശ രൂപേണ അവർ പറഞ്ഞു. മതപരമായ ചടങ്ങിൽ മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി യജമാനനാവുന്നതിന്റെ അനൗചിത്യമാണ് അവരെ വേദനിപ്പിക്കുന്നത്. നെഹ്രുവിനെപ്പോലും ഓർക്കാത്ത കോൺഗ്രസിന്റെ അഴകൊഴമ്പൻ സമീപനത്തിലുള്ള അരിശം കൂടി പ്രകടമാക്കിയാണ് ശൈലജ അടങ്ങിയത്.

കേരളത്തിൽ നിന്ന് 18 കോൺഗ്രസ് എം.പിമാരുണ്ടെങ്കിലും ലോക് സഭയിൽ കേരളത്തിന് വേണ്ടി ആരും ഒന്നും ആവശ്യപ്പെടുന്നില്ലെന്നാണ് പി.നന്ദകുമാറിന്റെ പരിഭവം. പഠിക്കാത്തവരാണ് കോൺഗ്രസ് എം.പിമാർ. കോൺഗ്രസ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെടാൻ പോവുകയാണെന്ന ഞെട്ടിക്കുന്ന പ്രവചനവും അദ്ദേഹം നടത്തി. പ്രതിപക്ഷ ബെഞ്ചുകളിൽ ആരുമില്ലാത്തതിനാൽ തിരിച്ചടി ഭയമില്ലാതെ കോൺഗ്രസിനെ ആക്രമിക്കാമെന്ന സൗകര്യം മിക്കവരും ഭംഗിയായി ഉപയോഗപ്പെടുത്തി. ഒറ്റുകാരുടെ വേഷം കെട്ടുകയാണ് കോൺഗ്രസ് എന്നാണ് സേവ്യർ ചിറ്റിലപ്പിള്ളിയുടെ അഭിപ്രായം. ബി.ജെ.പിയാവട്ടെ ഒറ്റുകാർക്ക് കുടപിടിക്കുന്നു. എന്നോടു കളിച്ചാൽ ഞാൻ ആർ.എസ്.എസിൽ പോകുമെന്ന് പറയുന്നയാളാണ് കെ.പി.സി.സി പ്രസിഡന്റ്. കോൺഗ്രസിൽ നിന്ന് ലീവെടുത്ത് ബി.ജെ.പിയിലേക്കും അവിടെ നിന്ന് ലീവെടുത്ത് കോൺഗ്രസിലേക്കും പോകുന്ന 'ഡെപ്യൂട്ടേഷൻ സമ്പ്രദായ'മാണ് പലേടത്തുമുള്ളതെന്നും ചിറ്റിലപ്പിള്ളി പരിഹസിച്ചു.

കെ.പി.സി.സിക്ക് പുതിയ നിർവചനം നൽകിയത് കെ.ഡി. പ്രസേനനാണ്. കള്ള പഹയന്മാരുടെ കേന്ദ്ര കമ്മിറ്റി (സെൻട്രൽ കമ്മിറ്റി)​ എന്ന്. അതിന്റെ തലപ്പത്ത് ഒരു സംഘിയാണെന്നു കൂടി പ്രസേനൻ തട്ടിവിട്ടു. കുടുംബത്തോട് കൂറില്ലാത്ത കുടുംബനാഥനെ പോലെയാണ് ഗവർണറെന്ന ലളിതമായ ഉപമയാണ് ദെലീമ നടത്തിയത്. ഹിന്ദി,​ ഹിന്ദു,​ ഹിന്ദുസ്ഥാൻ എന്ന നിലയിലേക്ക് രാജ്യത്തിന്റെ അവസ്ഥ പോകുന്നതിലുള്ള നിരാശയാണ് ഐ.ബി.സതീഷ് പ്രകടമാക്കിയത്. ഒരു രാജ്യം ഒരു നികുതി,​ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിങ്ങനെ രാജ്യത്തെ അടിച്ചമർത്താനാണ് ശ്രമം.

രാഹുൽ ഗാന്ധി ഹനുമാന്റെ വേഷം കെട്ടി പരിഹാസ്യനാവുകയാണെന്നും സതീഷ് പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് വായ തുറന്നാൽ അനുവദിക്കില്ല,​ അനുവദിക്കില്ല എന്നു മാത്രമാണ് കേൾക്കാൻ കഴിയുന്നതെന്നായിരുന്നു കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ സങ്കടം. ഇ.എം.എസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള മഹദ് വ്യക്തികളിരുന്ന കസേരയാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് പട്ടിക നിരത്തിയ കുഞ്ഞമ്മദ്കുട്ടി,​ രമേശ് ചെന്നിത്തലയുടെ പേര് വിട്ടുകളഞ്ഞത് മനപൂർവ്വമോ എന്തോ.