തിരുവനന്തപുരം: വിലവർദ്ധനയിൽ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളകോൺഗ്രസ് പ്രവർത്തകർ ഇന്നലെ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിൽ ജെബി മേത്തർ എം.പിക്കും മറ്റ് മൂന്ന് പ്രവർത്തകർക്കും പരിക്കേറ്റു.
പ്രതിപക്ഷ നേതാവ് സമരം ഉദ്‌ഘാടനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ മൺകലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചു. പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പൊട്ടിയ കാലത്തിന്റെ ഭാഗങ്ങൾ ബാരിക്കേഡിന് മുകളിലൂടെ പൊലീസിനു നേരെ എറിഞ്ഞു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മൂന്നു തവണ നടത്തിയ ശക്തമായ ജലപീരങ്കി പ്രയോഗത്തിലാണ് ജെബി മേത്തർ എം.പിക്കും പ്രവർത്തകർക്കും പരിക്കേറ്റത്. ജെബിമേത്തർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി തളർന്നു വീഴുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ജെ.ബി.മേത്തർക്ക് അരികിലെത്തി നിലത്തിരുന്ന് മുദ്രാവാക്യം മുഴക്കി. പിന്നാലെ പരിക്ക് പറ്റിയവരുമായി പ്രവർത്തകർ എം.ജിറോഡ് ഉപരോധിച്ചു. തുടർന്ന് പൊലീസ് വാഹനമെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ധൂർത്തും അഴിമതിയും: വി.ഡി. സതീശൻ
ധൂർത്തും അഴിമതിയുമാണ് പിണറായി സർക്കാരിന്റെ മുഖ്യ പ്രയോറിറ്റി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളീയവും നവകേരള സദസും നടത്തി സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണ്. സംസ്ഥാനത്തെ മുച്ചൂടും മുടിപ്പിച്ചു. അഞ്ചുമാസമായി ഭിന്നശേഷിക്കാർക്കും വിധവകൾക്കും പെൻഷൻ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എ മാരായ പി.സി.വിഷ്ണുനാഥ്,അൻവർസാദത്ത്, ടി.സിദ്ദിഖ്, റോജി എം.ജോൺ,രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്‌ണ, ലക്ഷ്‌മി തുടങ്ങിയവർ പങ്കെടുത്തു.