
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ വാങ്ങുന്ന നടപടികൾ നിറുത്തിവച്ചതിനു പിന്നാലെ, കെ.എസ്.ആർ.ടി.സിക്ക് ഡീസൽ ബസുകൾ വാങ്ങുന്ന നടപടിയിലേക്ക് ഗതാഗതവകുപ്പ് കടന്നു.
ടാറ്റാ, അശോക് ലൈലാൻഡ്, ഐസർ കമ്പനികളുമായി ചർച്ച തുടങ്ങി. മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദേശാനുസരണമാണിത്. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി മേധാവിയുമായ ബിജു പ്രഭാകർ പൊതുഗതാഗതവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കാൻ ഓസ്ട്രേയിലയിൽ പോയപ്പോഴായിരുന്നു ഇവിടെ ചർച്ചകൾ നടന്നത്.
ഗണേശ്‌കുമാറിന്റെ എതിർപ്പുകാരണം ഇ ബസ് വാങ്ങാനുള്ള എല്ലാ ടെൻഡറുകളും റദ്ദാക്കിയിരുന്നു. 50 ഡീസൽ ബസുകൾ വാങ്ങാനുള്ള ടെൻഡറും ഇതോടൊപ്പം റദ്ദായി.
കിഫ്ബിയുടെ ധനസഹായത്തോടെ 814 കോടി രൂപയ്ക്ക് ബസുകൾ വാങ്ങാൻ സർക്കാർ കഴിഞ്ഞ മേയിൽ അനുവാദം നൽകിയിരുന്നുവെങ്കിലും ഇലക്ട്രിക് ബസുകൾ വാങ്ങാൻ 50 കോടി രൂപ മാത്രമാണ് അനുവദിച്ചത്. കിഫ്ബി പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ആദ്യഘട്ടമായി 150 ഇലക്ട്രിക് ബസുകളും 284 ഡീസൽ ബസുകളും വാങ്ങുന്നതിനായി ടെൻഡർ വിളിക്കാൻ തീരുമാനിച്ചുവെങ്കിലും അത് നടന്നില്ല. പിന്നീട് സ്വിഫ്ടിനു വേണ്ടി 131 ഡീസൽ ബസുകൾ കെ.എസ്.ആർ.ടിസി വാങ്ങിയത് പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ്.
നേരത്തെ അനുവദിച്ച കിഫ്ബി ഫണ്ട് നേടിയെടുക്കാനാണ് മന്ത്രിയുടെ ശ്രമം. ഇതിനായി അദ്ദേഹം ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ഉടൻ ചർച്ച നടത്തും.
കോൺ.സംഘടനയെ
പിന്തുണച്ച് മന്ത്രി
സ്‌പെയർപാർട്സ്, ഇ ബസ് ഇടപാടിൽ കോൺഗ്രസ് അനുകൂല സംഘടനകൾ ഉയർത്തിയ ആരോപണങ്ങൾ മന്ത്രി ഗണേഷ്‌കുമാർ ശരിവച്ചതോടെ വെട്ടിലായത് ഇടതുപക്ഷ തൊഴിലാളി സംഘടനകളാണ്. കെ.എസ്.ആർ.ടി.സിക്ക് ഇ ബസുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ബസുകളുടെ വരവ് ചെലവ് കണക്കുകൾ യാഥാർത്ഥ്യമല്ലെന്നും ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (ടി.ഡി.എഫ്) വർക്കിംഗ് പ്രസിഡന്റ് എം. വിൻസെന്റ് എം.എൽ.എ ഞായറാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.ഇത് മന്ത്രിയുടെ നിലപാടിനെ ന്യായീകരിക്കുന്നതിന് സമാനമാണ്.ഭരണപക്ഷ യൂണിയനുകളോ ബി.എം.എസോ ഇക്കാര്യത്തിൽ പരസ്യപ്രസ്താവനകൾ ഇറക്കിയിട്ടില്ല.