തിരുവനന്തപുരം: മാർച്ച് 27വരെ ചേരാൻ നിശ്ചയിച്ച നിയമസഭാ സമ്മേളനം ഫെബ്രുവരി 15 ന് അവസാനിപ്പിക്കാൻ തീരുമാനം.
ഇതിനായി ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക്പോര്. മുഖ്യമന്ത്രിയുടെ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഇറങ്ങിപ്പോയി.
32 ദിവസം സമ്മേളിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബഡ്ജറ്റ് . ആറ് മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെ ബഡ്ജറ്റ് ചർച്ചയാണ്. അന്ന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയും.
ഫെബ്രുവരി 9 മുതൽ കെ.പി.സി.സി നേതൃത്വത്തിൽ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നടക്കുന്നതിനാൽ ബഡ്ജറ്റ് അവതരണം ഫെബ്രുവരി രണ്ടിലേക്ക് മാറ്റാൻ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് വഴിവച്ചത്. ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. പ്രധാന രാഷ്ട്രീയ പാർട്ടികൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സഭാസമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്വഴക്കമുണ്ടെന്നും ഇപ്പോഴത്തെ സർക്കാർ അതിനായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 'നിങ്ങൾ സഹകരിക്കുന്നത് നാട്ടുകാർ കണ്ടുകൊണ്ടിരിക്കുകയാണല്ലോ' എന്ന് പരിഹാസ സ്വരത്തിൽ പറഞ്ഞ മുഖ്യമന്ത്രി, അമ്മാതിരി വർത്തമാനം വേണ്ട എന്നുകൂടി പറഞ്ഞു.
നിങ്ങളുടെ സഹകരണവും എല്ലാവരും കാണുന്നുണ്ടെന്നും നിങ്ങളോട് ചോദിച്ചിട്ടല്ല പാർട്ടി പരിപാടി തീരുമാനിക്കുന്നതെന്നും തിരിച്ചടിച്ച സതീശൻ, ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ടെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോയത്. വി.ഡി.സതീശന് പുറമെ കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.ബാബു, ഘടകകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഭരണപക്ഷത്തു നിന്ന് മുഖ്യമന്ത്രിക്ക് പുറമെ ഇ.ചന്ദ്രശേഖരൻ, മാത്യു ടി.തോമസ് എന്നിവരുമുണ്ടായിരുന്നു.