
പാലോട്: പെരിങ്ങമ്മല ഇക്ബാൽ കോളേജ് ട്രസ്റ്റ് വക മുതിയാൻ കുഴിയിലുള്ള പത്ത് ഏക്കർ വസ്തു കാട്ടുപോത്ത്, കാട്ടുപന്നി, ഇഴ ജന്തുക്കൾ, തെരുവ് നായ്ക്കൾ എന്നിവയുടെ ആവാസ കേന്ദ്രമായി മാറിയതായി പരാതി. വർഷങ്ങളായി കാട് മൂടിക്കിടക്കുകയാണ് ഇവിടം. ഞാറനീലി അബേദ്ക്കർ സ്കൂളിനോട് ചേർന്നുള്ള സ്ഥലത്താണ് ഇത്തരത്തിൽ കാട് വളർന്ന് നിൽക്കുന്നത്, നിരവധി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും മറ്റ് കാൽനടയാത്രക്കാരും നടന്നു പോകുന്ന റോഡിനോട് ചേർന്ന സ്ഥലത്ത് ചുറ്റുമതിലോ, കമ്പിവേലിയോ ഇല്ലത്തതു കാരണം വന്യജീവികളുടെ ആക്രമണം ഭയന്നാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞയാഴ്ച കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് യാത്രക്കാരൻ രക്ഷപ്പെട്ടത്. കാടു മൂടിക്കിടക്കുന്ന സ്ഥലത്ത് മാലിന്യങ്ങൾ കൂടി നിക്ഷേപിക്കുന്നതു കാരണം അസഹ്യമായ ദുർഗന്ധവും ഉണ്ടാകുന്നുണ്ട്. രണ്ടാൾ പൊക്കത്തിന് വരെ കാട് മൂടിക്കിടക്കുന്ന കോളേജ് ട്രസ്റ്റ് വക സ്ഥലത്ത് കാടുകൾ വെട്ടിത്തെളിച്ച് ചുറ്റുമതിൽ സ്ഥാപിച്ച് അടിയന്തരമായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർക്ക് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി രേഖാമൂലം പരാതിയിലൂടെ ആവശ്യപ്പെട്ടു. മുൻപ് പല തവണ ട്രസ്റ്റ് അധികൃതരോട് നേരിട്ട് പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.