
തിരുവനന്തപുരം/ആലപ്പുഴ: നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായില്ല. ജോലിത്തിരക്ക് കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇരുവരും ഇ മെയിലിലൂടെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചു. അനിൽകുമാറും സന്ദീപും ഡ്യൂട്ടിയുടെ ഭാഗമായി ഇന്നലെ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിലടക്കം എത്തിയിരുന്നു.
ഡിസംബർ 16ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ നവകേരള ബസിനുനേരെ പ്രതിഷേധിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ ഇരുവരും നീളമേറിയ വടികൊണ്ട് മർദ്ദിച്ചുവെന്നാണ് കേസ്.
അതേസമയം, സുരക്ഷാ ജീവനക്കാർ പ്രതിഷേധക്കാരെ മർദ്ദിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. നവകേരള സദസുമായി ബന്ധപ്പെട്ട് ജനാധിപത്യപരമായി പ്രതിഷേധിച്ച ഒരാൾക്കെതിരെയും ആക്രമണം ഉണ്ടായിട്ടില്ല. സമരം ചെയ്യുന്നവരെ അടിക്കാൻ വ്യവസ്ഥയില്ല. സമരം ചെയ്യുന്നവരുടെ തലയിൽ ലാത്തി ഉപയോഗിച്ച് അടിക്കാൻ നിയമപരമായി വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ വസ്ത്രം പുരുഷ പൊലീസ് വലിച്ചുകീറുന്നതും ബൂട്ടിട്ട് ചവിട്ടുന്നതുമായ സംഭവങ്ങൾ ഗൗരവമായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് അതും ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മറുപടി നൽകി.
ഒത്തുകളിയെന്ന് കോൺഗ്രസ്
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പൊലീസുമായുള്ള ഒത്തുകളിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അറസ്റ്റ് നീളുന്നതിനാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം.