
വർക്കല: സ്വകാര്യ ടൂറിസ്റ്റ് ബസിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ മുല്ലയ്‌ക്കൽ ചന്ദനക്കാവ് കൊച്ചുപറമ്പിൽ അൻസാരി (32), കൊല്ലം കുരീപ്പുഴ ഇടയിലമുറി വടക്കേതിൽ വീട്ടിൽ ഷാജി (50) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് 27ന് പുലർച്ചെ വർക്കലയെത്തിയ ടൂറിസ്റ്റ് ബസ് വൈകിട്ട് തിരികെ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാർ ബസ് ക്ലീൻ ചെയ്യുന്നതിനിടയിലാണ് നാല് പൊതികളിലായി 8.2 കിലോ കഞ്ചാവ് കണ്ടെത്തിയത്. ബസിന്റെ താത്കാലിക ഡ്രൈവറായി ജോലി ചെയ്‌തുവന്നിരുന്ന ഷാജിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് സുഹൃത്ത് അൻസാരി നിരവധി തവണ ബസിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു .