
ശംഖുംമുഖം: യുവാവിന്റെ മരണത്തിൽ ദൂരഹതയെന്ന് ബന്ധുക്കളുടെ ആരോപണം. മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പഴയകാരക്കാമണ്ഡപം പൊറ്റവിളയിൽ വാടക്ക് താമസിക്കുന്ന വള്ളക്കടവ് സുലൈമാൻ തെരുവ് ഷംനാദ് (39)ന്റ മൃതദേഹമാണ് ഇന്നലെ രാവിലെ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ തഹസിൽദാർ,ഫോറൻസ് വിദഗ്ധർ,പൊലീസ് സർജൻ എന്നിവരുടെ നേതൃത്വത്തിൽ വള്ളക്കടവ് മുസ്ളീം ജമാഅത്ത് പളളിയിലെ ഖബർസ്ഥാനിൽ നിന്നു പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.
ഇലക്ട്രീഷനായിരുന്ന ഷംനാദ് പൊറ്റവിളയിലെ വാടകവീട്ടിൽ ഭാര്യയും മകൾമൊപ്പം താമസിക്കവേ കഴിഞ്ഞ ഒക്ടോബർ 24 ന് വീട്ടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്തിയത്.അന്ന് ഇയാളുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് കണ്ട ബന്ധുക്കൾ പോസ്റ്റ്‌മോർട്ടത്തിനോ നിയമനടപടികളിലോ പോകാതെ മൃതദേഹം ഇയാളുടെ ജമാഅത്ത് ആയ വളളക്കടവ് സുലൈമാൻ തെരുവിലെ വലിയപളളിയിൽ ഖബറടക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് മരണത്തിൽ സംശയം ഉണ്ടന്ന് ഇയാളുടെ സഹോദരനായ ഷാനവാസ് നേമം പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നേമം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള അനുമതി പൊലീസിന് ലഭിച്ചതിനെ തുടർന്ന് പൊലീസ് വള്ളക്കടവ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയശേഷം മൃതദേഹം പുറത്ത് എടുത്ത് പള്ളിവളപ്പിൽ വച്ച് തന്നെ പോസ്റ്റ്‌മോർട്ടം നടത്തി.കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മൃതദേഹത്തിൽ നിന്നും രാസപരിശോധനക്ക് സാമ്പിളുകൾ ശേഖരിച്ചു. ഷംനാദ് ഭാര്യയും മകളുമായി പൊറ്റവിളയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടിലാണ് ഷംനാദിനെ മരിച്ച നിലയിൽ കാണുകയായിരുന്നു.