ആലങ്ങാട്: ആലങ്ങാട് തിരുവാല്ലൂരിൽ പട്ടാപ്പകൽ വീണ്ടും മോഷണം. ഇത്തവണ തുറന്നിട്ടിരുന്ന കടകളിൽ കയറിയാണ് പണം മോഷ്ടിച്ചത്.

ആലങ്ങാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു മാസത്തിനിടെ പട്ടാപ്പകൽ നടക്കുന്ന നാലാമത്തെ മോഷണമാണിത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവാല്ലൂർ കവലയ്ക്കു സമീപത്തെ വ്യാപാര സമുച്ചയത്തിലായിരുന്നു സംഭവം. കാര്യമായ തിരക്കില്ലാത്തതിനാൽ ഒരുകടയിലെ ഉടമ സ്ഥാപനം തുറന്നിട്ടശേഷം സമീപത്തെ വീട്ടിൽ നിൽക്കുകയായിരുന്നു. മറ്റൊരു കടയുടെ ഉടമ തൊട്ടടുത്ത കടയിലിരുന്നു സംസാരിക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ രണ്ടുപേർ ആളില്ലാതിരുന്ന രണ്ട് കടകളിലും കയറി പണമെടുത്തുകൊണ്ടുപോയി. സമീപത്തുണ്ടായിരുന്ന സ്ത്രീ ചോദ്യംചെയ്തപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ട് മുഖം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ആലങ്ങാട് പൊലീസ് എത്തി പരിശോധന നടത്തി. സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.