akramam-

കുന്നംകുളം: പന്തല്ലൂർ പൂരത്തിനിടെ മദ്യലഹരിയിൽ ഇതര സംസ്ഥാന ത്തൊഴിലാളി പൊലീസിനെ ആക്രമിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി സനൂജ മണ്ഡൽ നായിക്ക് എന്ന യുവാവിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
അമിത മദ്യലഹരിയിൽ യുവാവ് പൂരത്തിനിടെ അക്രമം നടത്തുന്നെന്ന് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിൻ പോൾ, രതീഷ് എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയത്. ഈ സമയം പ്രതിയെ നാട്ടുകാർ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് ജീപ്പിൽവച്ച് പ്രതി വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിൽ ഇരുന്ന സിവിൽ പൊലീസ് ഓഫീസറെ ആക്രമിക്കുകയായിരുന്നു.
വീണ്ടും ആക്രമാസക്തനായ പ്രതിയെ നാട്ടുകാരും പൊലീസും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.