
കുഴൽമന്ദം: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വിറക് കൊള്ളിക്ക് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി.
ചേന്ദങ്കാട് കുന്നത്തു വീട്ടിൽ വേശുവാണ് (65) മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. വീട്ടിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറകുക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരണം ഉറപ്പാക്കിയതിന് പിന്നാലെ വേലായുധൻ പുറത്തിറങ്ങി വീടിന് ചുറ്റും നടന്നു. ഇന്നലെ പുലർച്ചെ ഏഴ് മണിയോടെ ഭാര്യയെ കൊലപ്പെടുത്തിയ വിവരം വേലായുധൻ ബന്ധുവിനെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടായി പൊലീസെത്തി വേലായുധനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. വീട്ടിലെ നിരന്തരം കലഹത്തിന് അറുതി വരുത്താൻ ചെയ്ത കൊലയെന്നാണ് വേലായുധന്റെ മൊഴി. തലക്കേറ്റ ഗുരുതര പരിക്കാണ് വേശുക്കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഇവരുടെ മക്കളായ രാജകുമാരനും വിജയ കുമാരനും തൊട്ടടുത്താണ് താമസിക്കുന്നത്. ഇവരും കൊലപാതക വിവരം അറിഞ്ഞിരുന്നില്ല. മറ്റുമക്കൾ: നളിനി, സുമതി. മരുമക്കൾ: സേതു മാധവൻ, വിജയകുമാരി, നാരായണൻകുട്ടി, രഞ്ജിത.