കണ്ണൂർ: പ്രമുഖ പെയിന്റ് കമ്പനിയുടെ ഡീലർഷിപ്പിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ വെബ് സൈറ്റിൽ പ്രവേശിച്ച് വിവരങ്ങൾ നൽകിയ യുവാവിന് സൈബർ തട്ടിപ്പിലൂടെ 13,96,100 രൂപ നഷ്ടമായി. കമ്പനിയുടെ യഥാർത്ഥ വെബ് സൈറ്റ് ആണെന്നുകരുതി വിവരങ്ങൾ നൽകുകയായിരുന്നു. ഫോൺ നമ്പറും ഇമെയിൽ ഐഡി യും നൽകിയതോടെ യുവാവിന്റെ വാട്ട്സ്ആപ്പിലേക്കും ഇമെയിലേക്കും കമ്പനിയിൽ നിന്ന് ക്ഷണിച്ച് കൊണ്ട് സന്ദേശം വരികയും രജിസ്‌ട്രേഷനുള്ള ഫോമുകളും ഫോൺ നമ്പറും അയച്ചു നൽകി. തുടർന്ന് ഫോമുകൾ പൂരിപ്പിച്ച് ഇ മെയിൽ വഴി അയച്ചു കൊടുത്തു. പിന്നീട് ഫോൺ നമ്പറിൽ ബന്ധപ്പെട്ട് അന്വേഷിക്കുകയും ഡീലർഷിപ്പ് എടുക്കുന്നതിനുള്ള നടപടികൾക്കുവേണ്ട പണം പല തവണകളായി അയച്ചുനൽകുകയായിരുന്നു.
വീണ്ടും ലൈസൻസിനും മറ്റും കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിന് സംശയം തോന്നുകയായിരുന്നു. പിന്നീട് യുവാവ് ബാങ്കുമായി ബന്ധപ്പെട്ട് പണം അയച്ചു നൽകിയ അക്കൗണ്ട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ അത് കമ്പനിയുടെ പേരിലുള്ള അക്കൗണ്ട് അല്ലെന്നും ഒരു വ്യക്തിയുടെ അക്കൗണ്ട് ആണെന്നും അറിയാൻ സാധിച്ചു. അപ്പോഴാണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.